| Monday, 29th March 2021, 3:30 pm

സുരേഷ് ഗോപിയെ തള്ളി സുരേന്ദ്രന്‍; പറഞ്ഞതെല്ലാം വ്യക്തിപരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എന്‍.ഡി.എയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത ഗുരുവായൂരും തലശേരിയിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തണമെന്നും ഗുരുവായൂരില്‍ കെ.എന്‍.എ ഖാദര്‍ ജയിക്കണമെന്നും പറഞ്ഞ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിയുടെ പ്രസ്താവന തള്ളി ബി.ജെ.പി സംസ്ഥാന നേതൃത്വം.

സുരേഷ് ഗോപിയുടേത് വ്യക്തിപരമായ നിലപാടാണെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. തലശേരിയില്‍ ബി.ജെ.പി പിന്തുണയുള്ള സ്ഥാനാര്‍ത്ഥി ഉണ്ടാകും. ബാക്കി രണ്ട് സ്ഥലത്തും ആയല്ലോ. തലശേരിയിലും അതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.

തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത് പുതിയ കാര്യമൊന്നുമല്ല. ബി.ജെ.പിയുടെ പ്രഖ്യാപിത നിലപാട് സുവ്യക്തമാണ്. എല്‍.ഡി.എഫും യു.ഡി.എഫും കള്ളനാണയത്തിന്റെ രണ്ട് വശങ്ങളാണ് എന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.

തലശ്ശേരിയില്‍ ഒരു കാരണവശാലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.എന്‍ ഷംസീര്‍ ജയിക്കരുതെന്നും എന്‍.ഡി.എയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത ഗുരുവായൂരും എല്‍.ഡി.എഫിനെ പരാജയപ്പെടുത്തണമെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ലീഗ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ ഗുരുവായൂര്‍ ജയിക്കണമെന്നാണ് ആഗ്രഹമെന്നാണ് സുരേഷ്ഗോപി പറഞ്ഞത്.

നാമനിര്‍ദേശ പത്രികയുടെ സൂക്ഷമ പരിശോധനയില്‍ തലശ്ശേരിയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ബി.ജെ.പിയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റൂകൂടിയായ എന്‍. ഹരിദാസിന്റെ നാമനിര്‍ദേശ പത്രികയായിരുന്നു തള്ളിപോയത്. ഇതിന് പിന്നാലെ യു.ഡി.എഫ്-ബി.ജെ.പി ധാരണയുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നിലനിന്നിരുന്നു. ഇതിനിടെയാണ് ഷംസീര്‍ ജയിക്കരുതെന്ന് പരസ്യമായി സുരേഷ് ഗോപി പ്രഖ്യാപിച്ചിരിക്കുന്നത്.

എന്‍.ഡി.എ സ്ഥാനാര്‍ത്ഥി നിവേദിതയുടെ പത്രിക തള്ളിപ്പോയ ഗുരുവായൂരില്‍ ബി.ജെ.പി, ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി (ഡി.എസ് .ജെ.പി) സ്ഥാനാര്‍ത്ഥി ദിലീപ് നായര്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് കെ.എന്‍.എ ഖാദറെ വിജയിപ്പിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K Surendran On Suresh Gopi Statement

We use cookies to give you the best possible experience. Learn more