| Wednesday, 29th August 2018, 11:17 pm

പ്രധാന്‍ മന്ത്രി ജന്‍ കല്യാണ്‍യോജന വഴി കള്ളപ്പണം തിരിച്ചെത്തിയിട്ടുണ്ട്: കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നോട്ടുനിരോധനം വഴി രാജ്യത്തെ കള്ളപ്പണം മുഴുവന്‍ തിരിച്ചുപിടിച്ചിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. നോട്ടുനിരോധനത്തെത്തുടര്‍ന്ന് പിന്‍വലിച്ച 99.3 ശതമാനം കറന്‍സിയും തിരിച്ചെത്തിയെന്ന ആര്‍.ബി.ഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ പശ്ചാലത്തില്‍ സുരേന്ദ്രന്‍ നേരത്തെ ഉന്നയിച്ച വാദങ്ങള്‍ തിരിഞ്ഞുകൊത്തുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

“ബാങ്കില്‍ തിരിച്ചെത്തിയ നോട്ടുകളില്‍ കണക്കില്‍പ്പെടാത്ത ഒരു നോട്ടും മാറ്റിക്കൊടുത്തിട്ടില്ല. കണക്കില്‍പ്പെടാത്ത ഓരോ നോട്ടിനും മോദി സര്‍ക്കാര്‍ കണക്കു പറയിച്ചിട്ടുണ്ട്. പെനാള്‍ട്ടി അടപ്പിച്ചിട്ടുണ്ട്. ഇപ്പോഴും അതു സംബന്ധിച്ച വ്യവഹാരങ്ങള്‍ തുടരുന്നു. മൂന്നു ലക്ഷം കോടി രൂപ കള്ളപ്പണമാണെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നു. അതു ശരിയായിരുന്നു എന്നാണ് പിന്നീട് വന്ന നികുതിദായകരുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.”

ALSO READ: നുണപ്രചാരകാ, കൈരേഖയുമായി ഈ വഴി കണ്ടുപോകരുത്; സുരേന്ദ്രനെതിരെ കടകംപള്ളി

പ്രധാന്‍ മന്ത്രി ജന്‍ കല്യാണ്‍യോജന വഴി കണക്കില്‍പ്പെടാത്ത പണത്തിന്റെ പകുതി നികുതിയായി അടക്കണമെന്നും ഇത് വഴി കള്ളപ്പണം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നുമാണ് സുരേന്ദ്രന്റെ വാദം. മാത്രമല്ല നോട്ടുനിരോധനം പരാജയമാണെന്ന് പറയുന്നത് ജിഹാദികളാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

നേരത്തെ മോദിസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടുനിരോധനത്തിന് പിന്നാലെ ധനമന്ത്രി തോമസ് ഐസക്കിനെ വെല്ലുവിളിച്ച് കൊണ്ട് കെ.സുരേന്ദ്രന്‍ പറഞ്ഞത് മൂന്ന് ലക്ഷം കോടി രൂപയുടെ കുറവ് റിസര്‍വ് ബാങ്കിലുണ്ടാകുമെന്നാണ്.

ഏറ്റവും ചുരുങ്ങിയത് ഒരു മൂന്ന് ലക്ഷം കോടി രൂപയുടെ കുറവെങ്കിലും റിസര്‍വ് ബാങ്കില്‍ ഇല്ലങ്കില്‍ ഏഷ്യനെറ്റ് അവതാരകനായ വിനു പറയുന്ന പണി ചെയ്യാന്‍ ഞാന്‍ തയ്യാറാണെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

2017 നവംബറില്‍ റിസര്‍വ്വ് ബാങ്ക് പുറത്തുവിട്ട തിരിച്ചുവന്ന നോട്ടുകളുടെ കണക്ക് ഇന്ന് വീണ്ടും ചില മലയാളം ചാനലുകള്‍ പുതിയ വാര്‍ത്തയായി പുറത്തുവിടുകയും അതിനെത്തുടര്‍ന്ന് ജിഹാദികളും സൈബര്‍ സഖാക്കളും നോട്ട് നിരോധനം പരാജയമാണെന്ന നിലയില്‍ വലിയതോതില്‍ പ്രചാരണം തുടങ്ങിയിട്ടുണ്ട്. അവരോട് തര്‍ക്കിച്ചിട്ട് കാര്യമില്ലെന്നറിയാം. തിരിച്ചുവന്ന നോട്ടുകളെല്ലാം മാറ്റിക്കൊടുത്തു എന്നാണോ ഈ മരയൂളകള്‍ വിചാരിക്കുന്നത്? ബാങ്കില്‍ തിരിച്ചെത്തിയ നോട്ടുകളില്‍ കണക്കില്‍പ്പെടാത്ത ഒരു നോട്ടും മാറ്റിക്കൊടുത്തിട്ടില്ല. കണക്കില്‍പ്പെടാത്ത ഓരോ നോട്ടിനും മോദി സര്‍ക്കാര്‍ കണക്കു പറയിച്ചിട്ടുണ്ട്. പെനാള്‍ട്ടി അടപ്പിച്ചിട്ടുണ്ട്. ഇപ്പോഴും അതു സംബന്ധിച്ച വ്യവഹാരങ്ങള്‍ തുടരുന്നു. മൂന്നു ലക്ഷം കോടി രൂപ കള്ളപ്പണമാണെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നു. അതു ശരിയായിരുന്നു എന്നാണ് പിന്നീട് വന്ന നികുതിദായകരുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മാത്രമല്ല കള്ളപ്പണം കടലിലൊഴുക്കുകയോ കത്തിച്ചുകളയുകയോ വേണ്ടെന്നും എല്ലാ പണവും ജനങ്ങള്‍ക്ക് ബാങ്കിലടക്കാനുള്ള അവസരവും സര്‍ക്കാര്‍ നല്‍കിയിരുന്നു. പ്രധാന്‍ മന്ത്രി ജന്‍ കല്യാണ്‍യോജന അതിനുള്ളതായിരുന്നു. കണക്കില്‍പ്പെടാത്ത പണത്തിന്റെ പകുതി നികുതിയായി അടക്കണം. ബാക്കി പകുതിയില്‍ അമ്പതു ശതമാനം ജന്‍കല്യാണ്‍ യോജനയില്‍ ഡെപ്പോസിറ്റ് ചെയ്യണം. നാലു വര്‍ഷം കഴിയുമ്പോള്‍ പലിശയില്ലാതെ പണം തിരിച്ചു കിട്ടും. ഇതായിരുന്നു വ്യവസ്ഥ. 2016 നവംബര്‍ എട്ടിന് ഉറക്കം നഷ്ടപ്പെട്ട കുറേയാളുകള്‍ ഇന്ത്യയിലുണ്ട്. അവര്‍ക്ക് ഇന്നും ഉറക്കം തിരിച്ചുകിട്ടിയിട്ടില്ല. അവരില്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കളുണ്ട്. മതസാമുദായിക നേതാക്കളുണ്ട്. മതതീവ്രവാദികളുണ്ട്. മാധ്യമമുതലാളിമാരുമുണ്ട്. അതിന്റെ ഏനക്കേടാണ് ഈ കാണുന്നതെല്ലാം.

We use cookies to give you the best possible experience. Learn more