| Thursday, 6th October 2016, 9:54 am

'നോ കമന്റ്‌സ്' : ഒ. രാജഗോപാലിന്റെ നിയമസഭയിലെ പ്രകടനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കെ. സുരേന്ദ്രന്‍ പറഞ്ഞത്

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഈ വിശദീകരണം വന്നതിനു പിന്നാലെ ആകെയുള്ള എം.എല്‍.എ ഈ വിഷയത്തില്‍ സഭയില്‍ എന്തു ചെയ്തു എന്ന ചോദ്യമുയര്‍ന്നു. അതോടെ “നോ കമന്റ്‌സ്” എന്നു പറഞ്ഞ് തടിതപ്പുകയാണ് സുരേന്ദ്രന്‍ ചെയ്തത്.


കോഴിക്കോട്: ബി.ജെ.പിയുടെ ഏക എം.എല്‍.എ ഒ. രാജഗോപാലിന്റെ നിയമസഭയിലെ പ്രകടനത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് ഒഴിഞ്ഞുമാറി കെ. സുരേന്ദ്രന്‍. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം തീരുമാനങ്ങള്‍ വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഒ. രാജഗോപാലിന്റെ പ്രകടനവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളുയര്‍ന്നപ്പോള്‍ എം.എല്‍.എയെ ന്യായീകരിക്കാന്‍ പോലും തയ്യാറാകാതെ സുരേന്ദ്രന്‍ ഒഴിഞ്ഞുമാറുകയായിരുന്നു.

ഒ. രാജഗോപാലിന്റെ പ്രകടനത്തെക്കുറിച്ച് രണ്ടുതവണ ചോദ്യമുയര്‍ന്നപ്പോഴും സുരേന്ദ്രന്റെ പ്രതികരണം ഇത്തരത്തിലായിരുന്നു. ഐസിസുമായി ബന്ധപ്പെട്ട് കേരളത്തില്‍ അടുത്തിടെ നടന്ന സംഭവങ്ങളില്‍ പാര്‍ട്ടി എം.എല്‍.എ നിയമസഭയില്‍ എന്തു ചെയ്തുവെന്നതായിരുന്നു ആദ്യ ചോദ്യം.


Also Read: മത്സ്യമാംസാദികള്‍ മദ്യവും മയക്കുമരുന്നും പോലെ; വിദ്യാഭ്യാസമന്ത്രി ഒരു സംഘിയെപ്പോലെ സംസാരിക്കുന്നുവെന്ന് എന്‍.എസ് മാധവന്‍


“ഈ സംഭവം നടന്നിട്ടിപ്പോള്‍ രണ്ടുദിവസമല്ലേ ആയുള്ളൂ. പിന്നെ എം.എല്‍.എ താഴെയുണ്ടല്ലോ. നിങ്ങളുടെ ഈ ചോദ്യത്തിന്റെ വിഷയത്തെക്കുറിച്ച് എനിക്ക് അറിയില്ല. അദ്ദേഹം ഇതിനെക്കുറിച്ച് പറഞ്ഞോ ഇല്ലയോ എന്നതു സംബന്ധിച്ച് വ്യക്തമാക്കിയശേഷം ഞാന്‍ നിങ്ങളോട് പറയാം.” എന്നു പറഞ്ഞ് തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറുകയാണ് സുരേന്ദ്രന്‍ ആദ്യം ചെയ്തത്.

സ്വാശ്രയവിഷയത്തില്‍ സമരം തുടങ്ങാന്‍ ബി.ജെ.പി വൈകിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ “ഞങ്ങളുടെ സംഘടനാ സംവിധാനവും പാര്‍ട്ടി പ്രവര്‍ത്തകരുമെല്ലാം കഴിഞ്ഞ ഒരുമാസം പൂര്‍ണമായും ദേശീയ സമ്മേളനത്തിലായിരുന്നല്ലോ. കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകര്‍ക്കെല്ലാം ഇത് അറിയുന്നതല്ലേ” എന്നായിരുന്നു മറുപടി.

ഈ വിശദീകരണം വന്നതിനു പിന്നാലെ ആകെയുള്ള എം.എല്‍.എ ഈ വിഷയത്തില്‍ സഭയില്‍ എന്തു ചെയ്തു എന്ന ചോദ്യമുയര്‍ന്നു. അതോടെ “നോ കമന്റ്‌സ്” എന്നു പറഞ്ഞ് തടിതപ്പുകയാണ് സുരേന്ദ്രന്‍ ചെയ്തത്.

Latest Stories

We use cookies to give you the best possible experience. Learn more