തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വരുന്ന തെരഞ്ഞെടുപ്പില്‍ നേമത്തുനിന്ന് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അദ്ദേഹത്തെ സ്വാഗതം ചെയ്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. നേമം ബി.ജെ.പിയുടെ ഉരുക്കുകോട്ടയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയല്ല, രാഹുല്‍ ഗാന്ധി വന്നാലും ബി.ജെ.പിയുടെ ഉരുക്ക് കോട്ടയായ നേമത്ത് ഒന്നും സംഭവിക്കില്ല. കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷത്തോടെ ബി.ജെ.പി തന്നെ നേമത്ത് വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സുരേന്ദ്രന്‍.
ഉമ്മന്‍ ചാണ്ടിയ്ക്കുമേല്‍ മണ്ഡലം മാറി മത്സരിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിട്ട് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തലസ്ഥാനത്ത് മത്സരിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
ഉമ്മന് ചാണ്ടി മണ്ഡലം മാറി മത്സരിക്കണമെന്നത് പരിഗണിക്കാവുന്ന നിര്‍ദേശമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കന്‍ പറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടി ജനസമ്മതനായ നേതാവാണെന്നും നേമത്ത് വെല്ലുവിളി ഏറ്റെടുക്കുന്നതിലും എതിര്‍പ്പൊന്നും ഉണ്ടാകില്ലെന്നുമായിരുന്നു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്.
ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് മത്സരിച്ചാല്‍ തെക്കന്‍ ജില്ലകളില്‍ അത് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
അതേസമയം നേമത്ത് മത്സരിക്കുമെന്ന വാര്‍ത്ത നിഷേധിച്ച ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിട്ട് മറ്റെവിടെയും മത്സരിക്കില്ലെന്നാണ് വ്യക്തമാക്കുകയും ചെയ്തു.
ആജീവനാന്ത കാലം മണ്ഡലം മാറില്ലെന്നും തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നതാണെന്നും വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക