| Monday, 17th December 2018, 5:09 pm

സ്ത്രീകളെ ഭീഷണിപ്പെടുത്തി വനിതാ മതിലില്‍ പങ്കെടുപ്പിച്ചാല്‍ തടയും: കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഭീഷണിപ്പെടുത്തി സ്ത്രീകളെ വനിതാമതിലില്‍ പങ്കെടുപ്പിച്ചാല്‍ തടയുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകരേയും ആശാ വര്‍ക്കര്‍മാരെയും ഭീഷണിപ്പെടുത്തി വനിതാ മതിലില്‍ എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. സര്‍ക്കാരിന്റെ പണം ഉപയോഗിച്ച് രാഷ്ട്രീയ പരിപാടി നടത്താന്‍ പാടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നവോത്ഥാനത്തില്‍ പുരുഷന്‍മാര്‍ക്ക് ഒരു പങ്കും ഇല്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ശബരിമലയുടെ പേര് പറഞ്ഞാല്‍ ഒരു സ്ത്രീയും മതിലില്‍ പങ്കെടുക്കില്ല. അതിനാലാണ് വിഷയം മാറ്റി പറയുന്നത്. ഗവേഷണം നടത്തിയതിന് ശേഷം ഹര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ കഴിയില്ല. പെട്ടെന്നുള്ള സാഹചര്യങ്ങളോട് പ്രതികരിച്ചാണ് ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

ശബരിമല, വനിതാ മതില്‍ വിഷയത്തില്‍ എന്‍.എസ്.എസ് നിലപാട് വിശ്വാസികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണെന്നും തുടര്‍ന്നും വിശ്വാസികളെ പിന്തുണയ്ക്കുമെന്ന പ്രസ്താവന ശുഭപ്രതീക്ഷ നല്‍കുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണെങ്കില്‍ എന്തിനാണ് ഇടത്-വലത് മുന്നണികള്‍ പരസ്പരം മത്സരിക്കുന്നത്. ജനങ്ങളെ വിഡ്ഢികളാക്കുന്ന ഈ പൊറാട്ട് നാടകം അവസാനിപ്പിച്ച് ഇടതുമുന്നണി പിരിച്ചുവിട്ട് യു.ഡി.എഫില്‍ ലയിക്കാന്‍ തയ്യാറാവണം. രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി പദം സി.പി.ഐ.എം അംഗീകരിക്കുന്നുണ്ടോ എന്ന കാര്യം പിണറായി വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more