ബി.ജെ.പിയെ വേട്ടയാടിയതിന് മുഖ്യമന്ത്രി മാപ്പ് പറയണം; കൊടകര കേസ് ഗൂഢാലോചനയെന്ന് വ്യക്തമായെന്ന് കെ. സുരേന്ദ്രന്‍
Kerala News
ബി.ജെ.പിയെ വേട്ടയാടിയതിന് മുഖ്യമന്ത്രി മാപ്പ് പറയണം; കൊടകര കേസ് ഗൂഢാലോചനയെന്ന് വ്യക്തമായെന്ന് കെ. സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th July 2021, 5:15 pm

തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തോടെ കൊടകര കുഴല്‍പ്പണക്കേസില്‍ ഗൂഢാലോചന വ്യക്തമായെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കുറ്റപത്രത്തില്‍ ബി.ജെ.പിയെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കൊടകരയില്‍ പിടിച്ചെടുത്ത കള്ളപ്പണം ബി.ജെ.പിയുടേതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കെ. സുരേന്ദ്രന്റെ പ്രതികരണം.

‘കൊടകരയില്‍ കവര്‍ച്ച ചെയ്ത പണം ബി.ജെ.പിയുടേതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. സ്വര്‍ണക്കടത്തിലും ഡോളര്‍ക്കടത്തിലും തന്റെ സര്‍ക്കാര്‍ കുടുങ്ങിയതിലുള്ള രാഷ്ട്രീയ പ്രതികാരം തീര്‍ക്കുകയാണ് മുഖ്യമന്ത്രി,’ സുരേന്ദ്രന്‍ പറഞ്ഞു.

കവര്‍ച്ചാ കേസിലെ ഒരു പ്രതി ദീപക് ബി.ജെ.പി. പ്രവര്‍ത്തകനാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

അറസ്റ്റിലായ 21 പ്രതികളും സി.പി.ഐ.എമ്മുമായി ബന്ധമുള്ളവരാണ്. രാമനാട്ടുകര സ്വര്‍ണ്ണക്കള്ളക്കടത്തിലെ കണ്ണൂര്‍ സംഘം തന്നെയാണ് കൊടകരയിലും പണം കവര്‍ന്നത്. ഇവര്‍ സി.പി.ഐ.എമ്മിലെ ഉന്നത നേതാക്കളുടെ സ്വന്തക്കാരാണ്.

കുറ്റപത്രത്തില്‍ ബി.ജെ.പിയെ ബന്ധിപ്പിക്കുന്ന ഒന്നും ഇല്ല. ഇത്രയും കാലം ബി.ജെ.പിയെ വേട്ടയാടിയതിന് ആഭ്യന്തരമന്ത്രിയായ പിണറായി വിജയന്‍ നിയമസഭയില്‍ മാപ്പു പറയുകയായിരുന്നു വേണ്ടിയിരുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേസില്‍ ഗൗരവതരമായ അന്വേഷണമാണ് നടക്കുന്നതെന്നാണ് മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ പറഞ്ഞത്. നാലാം പ്രതി ബി.ജെ.പി. പ്രവര്‍ത്തകനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കം 250 സാക്ഷികളാണ് കേസിലുള്ളത്. 21 പ്രതികളെ ഇതുവരെ കേസില്‍ അറസ്റ്റ് ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊടകരയിലേത് ബി.ജെ.പിയുടെ പണമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

കേസ് ഒതുക്കുന്നുവെന്ന പ്രതിപക്ഷ ആക്ഷേപം ജനശ്രദ്ധ തിരിക്കാനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: K Surendran on Kodakara Hawala Case and CM’s Speech