| Thursday, 9th May 2019, 6:28 pm

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഒഴിവാക്കുന്നതില്‍ വലിയ ഗൂഢാലോചന; ഇത് ശബരിമലയുടെ തുടര്‍ച്ചയെന്നും കെ.സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍. ശബരിമല വിഷയത്തിന്റെ തുടര്‍ച്ചയാണ് തൃശൂര്‍ പൂരത്തിലെ വിലക്കെന്ന് സംശയിക്കുന്നതായും കെ.സുരേന്ദ്രന്‍ പറഞ്ഞു.

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമം നടക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തൃശൂര്‍ പൂരത്തെ തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. പൂരത്തിനായി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആവശ്യമുള്ളത്. എന്നിട്ടും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും വാര്‍ത്തസമ്മേളനത്തില്‍ സുരേന്ദ്രന്‍ പറഞ്ഞു.

തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ ഇടഞ്ഞാല്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഉത്തരം പറയേണ്ടിവരുമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനം.

സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ തയ്യാറാകണമെന്നും പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ മന്ത്രി വി.എസ് സുനില്‍കുമാറിന് ബാധ്യതയുണ്ടെന്നും തെരഞ്ഞെടുപ്പ് കാലത്തെ നിലപാടല്ല മന്ത്രി ഇപ്പോള്‍ പറയുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ എന്നു പറയുന്ന ആനയോട് യാതൊരു വിരോധവും സര്‍ക്കാറിനില്ല. അത് രണ്ടാളെ കൊന്നു എന്നു പറഞ്ഞിട്ട് റിപ്പോര്‍ട്ടു കൊടുത്തത് ഈ പറയുന്ന കമ്മിറ്റിക്കാര് തന്നെയാണ്. ഈ ആനയെ എഴുന്നള്ളിക്കുന്നത് നിയന്ത്രിക്കണമെന്ന് മാത്രമേ വനംവകുപ്പ് പറഞ്ഞിട്ടുള്ളൂവെന്നായിരുന്നു മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞത്.

‘തൃശൂര്‍ പൂരത്തിന് ആന ഇടഞ്ഞാല്‍ ആരാണ് ഉത്തരവാദിത്തം പറയേണ്ടി വരിക? ആ ആളുകള് തന്നെയായിരിക്കും ഈ കാര്യത്തിനും ഉത്തരവാദിത്തം പറയേണ്ടത്. ഇതിനുവേണ്ടി പ്രത്യേകം ഉത്തരവാദിത്തമില്ല. തൃശൂര്‍ പൂരത്തിന് 90 ആനകള്‍ വരുന്നുണ്ട്. ഈ ആനകളില്‍ ഏതെങ്കിലും ഇടഞ്ഞാല്‍ ആരാണ് ഉത്തരവാദിത്തം പറയുക. അവര് തന്നെ ഇതിന്റെ ഉത്തരവാദിത്തം പറയും.’ മന്ത്രി വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more