| Sunday, 19th December 2021, 11:40 am

പോപ്പുലര്‍ ഫ്രണ്ട് ജനങ്ങളെ ചേരിതിരിച്ച് വര്‍ഗീയകലാപത്തിന് ശ്രമിക്കുന്നു: കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ആലപ്പുഴയില്‍ ബി.ജെ.പിയുടെ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിലേക്ക് നയിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് ധൈര്യം ലഭിച്ചത് പൊലീസിന്റെയും സര്‍ക്കാരിന്റെയും സഹായം അവര്‍ക്ക് ലഭിക്കും എന്നതുകൊണ്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഉന്നതര്‍ പങ്കെടുത്ത ഗൂഢാലോചനയാണ് കൊലപാതകത്തിന് പിന്നിലുള്ളത്. പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ വര്‍ഗീയകലാപം തന്നെയാണ് പിന്നിലുള്ള ലക്ഷ്യം. ജനങ്ങളെ ചേരിതിരിച്ച് കലാപത്തിലേക്ക് തള്ളിവിടാനുള്ള പ്രതിഷേധങ്ങളാണ് നടക്കുന്നതെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരള പൊലീസിനെയും പത്രസമ്മേളനത്തില്‍ സുരേന്ദ്രന്‍ രൂക്ഷമായി വിമര്‍ശിച്ചു. ”ഇന്നലെ എറണാകുളം നഗരത്തിലുള്‍പ്പെടെ കേരളത്തില്‍ പലയിടത്തും നടന്ന പ്രകോപനപരമായ പ്രകടനങ്ങളെയും മുദ്രാവാക്യങ്ങളെയും തടയാന്‍ പൊലീസ് ശ്രമിച്ചില്ല.

ആലപ്പുഴയില്‍ സംഘര്‍ഷാവസ്ഥയുണ്ടായിട്ടും, ബി.ജെ.പി നേതാക്കള്‍ക്കെതിരെ അക്രമമുണ്ടാവുമെന്ന് അറിഞ്ഞിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ല,” സുരേന്ദ്രന്‍ പറഞ്ഞു.

കൊലയാളി സംഘത്തെ സഹായിക്കുന്നവര്‍ക്കെതിരെ പൊലീസ് ഒരു നടപടിയും എടുക്കുന്നില്ലെന്നും പൊലീസിന്റെ വഴിവിട്ട സഹായമാണ് പോപ്പുലര്‍ ഫ്രണ്ടിന് ഇത്രയും കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യാന്‍ അവസരമൊരുക്കി കൊടുക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ആഭ്യന്തര വകുപ്പിന്റെ സമ്പൂര്‍ണ പരാജയമാണ് ആലപ്പുഴയിലെ സംഭവം കാണിക്കുന്നതെന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ നീക്കങ്ങളെയും വര്‍ഗീയകലാപങ്ങളെയും നേരിടാന്‍ കേരള പൊലീസിന് സാധിക്കില്ലെങ്കില്‍ അത് കേന്ദ്രത്തെ അറിയിക്കണമെന്നും കേന്ദ്രത്തിലെ പൊലീസിനെ ഏല്‍പ്പിക്കാന്‍ തയാറാവണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ വാതിലില്‍ മുട്ടിയ അക്രമികള്‍ വാതില്‍ തുറന്നയുടന്‍ വെട്ടിക്കൊല്ലുകയായിരുന്നു.

ടീപോയി അടക്കമുള്ള സാധനങ്ങള്‍ തല്ലപൊട്ടിക്കുന്ന ശബ്ദം കേട്ട് ഹാളിലേക്കെത്തിയ രഞ്ജിത്തിന്റെ ഭാര്യയുടേയും അമ്മയുടേയും മകളുടേയും മുന്നിലിട്ടാണ് വെട്ടിയത്.

വെട്ടേറ്റ രഞ്ജിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചു.

കഴിഞ്ഞ ദിവസം രാത്രി എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ശനിയാഴ്ച രാത്രി 7 മണിയോടെയായിരുന്നു ഷാനിന് വെട്ടേറ്റത്. ഇതിന് പിന്നാലെയാണ് ബി.ജെ.പി നേതാവിന്റെ കൊലപാതകം.

പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും പൊലീസ് ക്യാമ്പ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച രാവിലെ ബി.ജെ.പി നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: K Surendran on Alappuzha political murder

We use cookies to give you the best possible experience. Learn more