| Monday, 1st March 2021, 12:02 pm

'രാവിലെ പ്രാതല്‍ കഴിക്കാന്‍ വന്നതാണ്, കഴിച്ചു, തിരിച്ചുപോവുന്നു'; ആലഞ്ചേരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കെ.സി.ബി.സി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെ കത്തോലിക്കാ സഭാ ആസ്ഥാനമായ പി.ഒ.സിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

കെ.സി.ബി.സി ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘രാവിലെ പ്രാതല്‍ കഴിക്കാന്‍ വന്നു. കഴിച്ചു, പോവുന്നു. തെരഞ്ഞെടുപ്പ് വിഷയങ്ങളൊന്നും പിതാവുമായി ചര്‍ച്ച ചെയ്തില്ല. സ്വകാര്യ സന്ദര്‍ശനമാണിത്. രാഷ്ട്രീയമൊന്നുമില്ല’

വിജയയാത്രയുടെ രാവിലത്തെ ആദ്യ പരിപാടി എന്ന നിലയിലാണ് സുരേന്ദ്രന്‍ കെ.സി.ബി.സി ആസ്ഥാനത്തെത്തിയത്.

കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര ഇന്ന് എറണാകുളത്താണ് പുരോഗമിക്കുന്നത്. ആലഞ്ചേരിയെ സന്ദര്‍ശിച്ച ശേഷം അദ്ദേഹം ചെല്ലാനത്തെത്തി. തീരദേശത്ത് കടല്‍ കയറ്റം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവരെ സന്ദര്‍ശിക്കുക ലക്ഷ്യമിട്ടായിരുന്നു യാത്ര.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനപ്രിയരായ അപ്രതീക്ഷിത സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ബി.ജെ.പി ന്യൂനപക്ഷ വോട്ടുകള്‍ കാര്യമായി നേടാന്‍ ലക്ഷ്യമിടുന്നുണ്ട്.

അതേസമയം, കര്‍ണാടക ഉപമുഖ്യമന്ത്രി സി.എന്‍. അശ്വന്ത് നാരായണ്‍ എറണാകുളത്ത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. കെ.സി.ബി.സി ആസ്ഥാനത്താണ് കൂടിക്കാഴ്ച.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: K Surendran Meeting with Mar George Alancheri

We use cookies to give you the best possible experience. Learn more