തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ പ്രതിരോധത്തിലായിരിക്കുന്നത് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ്. ഇതോടെ സംസ്ഥാന ബി.ജെ.പിയില്‍ പുനഃസംഘടനയ്ക്കുള്ള സാധ്യതയുമേറുന്നു.
കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ചിട്ടും സംസ്ഥാന അധ്യക്ഷനായ കെ. സുരേന്ദ്രന് എവിടെയും നേട്ടമുണ്ടാക്കാനായില്ല. കേന്ദ്ര നേതൃത്വം തന്നെ പ്രചാരണങ്ങള്‍ക്കായെത്തിയിട്ടും നേമം പോലും കൈവിടുന്ന സ്ഥിതിയാണുണ്ടായത്.
തോല്‍വിയെക്കുറിച്ച് വിശദമായി വിലയിരുത്തുമെന്നാണ് കെ. സുരേന്ദ്രന്‍ പ്രതികരിച്ചത്. എന്നാല്‍ ഈ അവസരം മുതലെടുത്ത് കൃഷ്ണദാസ് പക്ഷം രംഗത്തെത്താനും സാധ്യതയേറെയാണ്.
കെ. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതു മുതല്‍ പാര്‍ട്ടിക്കുള്ളിലെ ചിലര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ശോഭാ സുരേന്ദ്രനെ പാര്‍ട്ടിക്കകത്ത് തഴഞ്ഞുവെന്നതു മുതല്‍ പാര്‍ട്ടിക്കകത്തുണ്ടായിരുന്ന ഇടച്ചിലുകള്‍ സുരേന്ദ്രനെ പ്രതിരോധത്തിലാക്കിയിരുന്നു.
ഏറ്റവുമൊടുവില്‍ കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോഴും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറെ വൈകിയിരുന്നു.
തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയെത്തിയതും മത്സരിക്കാനില്ലെന്ന വാഗ്വാദങ്ങള്‍ക്കൊടുവിലാണ്.
സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിച്ചത് മഞ്ചേശ്വരത്തെ സാധ്യത കുറയ്ക്കുകയാണ് ഉണ്ടായത്. അല്‍ഫോണ്‍സ് കണ്ണന്താനം, മുന്‍ ഡി.ജി.പി ജേക്കബ് തോമസ്, സന്ദീപ് വാര്യര്‍ തുടങ്ങിയവര്‍ക്കൊന്നും ഒരു മുന്നേറ്റവും ഉണ്ടാക്കാനായില്ല.
വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെയും കെ. സുരേന്ദ്രനെയും വിശ്വാസത്തിലെടുത്ത് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കേന്ദ്ര നേതൃത്വം തോല്‍വിയുടെ വിശദീകരണം ചോദിച്ചാല്‍ പ്രതിരോധത്തിലാവുന്നത് രണ്ടിടത്തും പരാജയം ഏറ്റുവാങ്ങിയ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തന്നെയാകും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക