കൊച്ചി: ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് നല്‍കിയ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് കെ. സുരേന്ദ്രന്‍ പിന്‍വലിച്ചു. ഹര്‍ജി പിന്‍വലിക്കണമെന്ന സുരേന്ദ്രന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് സുനില്‍ തോമസിന്റേതാണ് ഉത്തരവ്. തെരഞ്ഞെടുപ്പ് ക്രമക്കേട് തെളിയിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും തന്റെ ആരോപണം സാക്ഷി വിസ്താരത്തിലൂടെ തെളിയിക്കാന്‍ ഈ ഘട്ടത്തില്‍ ബുദ്ധിമുട്ടാണെന്നും സുരേന്ദ്രന്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം കേസിന്റെ ഭാഗമായി കൊണ്ടുവന്ന വോട്ടിങ്ങ് യന്ത്രങ്ങള്‍ കാക്കനാട്ട് നിന്ന് മഞ്ചേശ്വരത്തെക്ക് തിരികെകൊണ്ടു പോവുന്നതിന് ചെലവായ 42,000 രൂപ സുരേന്ദ്രന്‍ കോടതിയില്‍ അടയ്ക്കണം.
89 വോട്ടുകള്‍ക്ക് സുരേന്ദ്രന്‍ തോറ്റ തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നെന്ന് കാണിച്ചായിരുന്നു കേസ് നല്‍കിയിരുന്നത്.
സുരേന്ദ്രന്‍ ഹരജി പിന്‍വലിച്ച സാഹചര്യത്തില്‍ പാലാ അടക്കമുള്ള മണ്ഡലങ്ങള്‍ക്കൊപ്പം മഞ്ചേശ്വരത്തും തെരഞ്ഞെടുപ്പ് നടക്കും. എം.എല്‍.എയായിരുന്ന പി.ബി അബ്ദു റസാഖ് മരിച്ചിട്ട് ആറു മാസമായെങ്കിലും തെരഞ്ഞെടുപ്പ് നടത്താതിരുന്നത് സുരേന്ദ്രന്റെ ഹരജിയെ തുടര്‍ന്നായിരുന്നു.