| Monday, 3rd December 2018, 11:03 am

മഞ്ചേശ്വരം തിരഞ്ഞെടുപ്പു കേസ്; കെ. സുരേന്ദ്രനെതിരെ പി.ബി അബ്ദുള്‍ റസാഖിന്റെ മകന്‍ കക്ഷിചേരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് കെ.സുരേന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ കേസില്‍ എം.എല്‍.എല്‍ പി.ബി അബ്ദുള്‍ റസാഖിന്റെ മകന്‍ കക്ഷി ചേരും. ഇരുപക്ഷവും കേസ് ഊര്‍ജിതമായി മുന്നോട്ടു കൊണ്ടുപോകുമെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

അബ്ദുള്‍ റസാഖിന്റെ മരണം ഒഫീഷ്യല്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്യാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് അബ്ദുള്‍ റസാഖിനു വേണ്ടി കേസില്‍ അദ്ദേഹത്തിന്റെ മകന്‍ കക്ഷി ചേരാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജി ആയതിനാല്‍, സ്വയം പിന്‍വലിച്ചു പോകാന്‍ കഴിയില്ലെന്നാണ് സുരേന്ദ്രനു ലഭിച്ച നിയമോപദേശം.

കേസില്‍നിന്നു പിന്‍മാറുന്നില്ലെന്ന് നേരത്തേ സുരേന്ദ്രന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 89 വോട്ടുകള്‍ക്ക് തന്നെ പരാജയപ്പെടുത്തിയ പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എയ്‌ക്കെതിരെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ഇക്കഴിഞ്ഞ ഒക്ടോബര്‍ 20നാണു റസാഖ് മരിച്ചത്.

ഇതോടെ കേസ് ഒഴിവാക്കി ഉപതിരഞ്ഞെടുപ്പിനു സുരേന്ദ്രന്‍ തയാറാകുമോ എന്ന ചോദ്യം രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു.


ആര്‍.എസ്.എസിന്റെ ഒക്കച്ചങ്ങാതിമാരാണ് കോണ്‍ഗ്രസെന്ന് പിണറായി; ആഭ്യന്തരം വത്സന്‍ തില്ലങ്കേരിയുടെ കയ്യിലെന്ന് ചെന്നിത്തല; സഭയില്‍ രൂക്ഷവാക്‌പോരുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും


പി.ബി.അബ്ദുല്‍ റസാഖ് മരിച്ച പശ്ചാത്തലത്തില്‍ കേസ് നടപടികളുമായി മുന്നോട്ടു പോകണോയെന്നു കോടതി പരാതിക്കാരനോടു ചോദിച്ചിരുന്നു. കേസില്‍നിന്നു പിന്മാറാനില്ലെന്ന നിലപാടു നേരത്തെ സുരേന്ദ്രന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. അബ്ദുല്‍ റസാഖിന്റെ തിരഞ്ഞെടുപ്പു ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു സുരേന്ദ്രന്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍ 89 വോട്ടിനാണ് അബ്ദുള്‍ റസാഖ് വിജയിച്ചത്. തെരഞ്ഞെടുപ്പില്‍ മരിച്ചവരും വിദേശത്തുള്ളവരും ചേര്‍ന്ന് 259 പേരുടെ പേരില്‍ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ വാദം. ഇവരുടെ വോട്ട് ഒഴിവാക്കിയാല്‍ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. കേസില്‍ കോടതി 67 സാക്ഷികള്‍ക്കു സമന്‍സ് അയച്ചിരുന്നു. 175 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കി. ഹൈക്കോടതിയില്‍ പരിഗണനയിലുള്ള കേസില്‍ തീര്‍പ്പുണ്ടായശേഷം മാത്രമേ ഉപതിരഞ്ഞെടുപ്പു സംബന്ധിച്ച തീരുമാനങ്ങള്‍ ഉണ്ടാകൂ എന്ന നിലപാടിലാണു തെരഞ്ഞെടുപ്പ് കമ്മിഷന്‍.

We use cookies to give you the best possible experience. Learn more