തിരുവനന്തപുരം: കിഫ്ബിക്കെതിരായ സി.എ.ജി റിപ്പോര്‍ട്ട് വിവാദത്തില്‍ സര്‍ക്കാരിനെതിരെ ആരോപണങ്ങളുമായി വീണ്ടും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സി.എ.ജി റിപ്പോര്‍ട്ട് മുഖ്യമന്ത്രി കണ്ടെങ്കില്‍ അത് ഗുരുതരമായ ചട്ടലംഘനമാണെന്നും സര്‍ക്കാരിനെ പിരിച്ചുവിടാന്‍ അതുമതിയെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
സി.എ.ജിക്കെതിരായ മുഖ്യമന്ത്രിയുടെ വാദം ബാലിശമാണെന്നും രാജ്യത്തെ ഭരണഘടനയെ സംബന്ധിച്ചോ ഭരണസംവിധാനത്തെ സംബന്ധിച്ചോ സാമാന്യമായ അറിവുള്ളവര്‍ പോലും ബാലിശമായ ഇത്തരം വാദം ഉന്നയിക്കില്ലെന്നും കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന സി.എ.ജി റിപ്പോര്‍ട്ടിലാണ് കെ.സുരേന്ദ്രന്റെ പ്രതികരണം.
” സംസ്ഥാനത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാവായ പിണറായി വിജയന്‍, മുഖ്യമന്ത്രി കസേരയില്‍ ഇരുന്നുകൊണ്ട് ജനങ്ങളെ പരിഹസിക്കുന്നതും അപഹാസ്യമായ വാദങ്ങള്‍ ഉന്നയിക്കുന്നതും മുഖ്യമന്ത്രി കസേരയ്ക്ക് ചേര്‍ന്ന പണിയല്ല.
തോമസ് ഐസക് കിഫ്ബിയുടെ മേല്‍ അഴിമതി നടത്തിയെന്നത് അന്വേഷിച്ചാല്‍ വ്യക്തമാകും. സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതിന് മുന്‍പ് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും അത് വായിച്ചുവെന്ന് പറഞ്ഞാല്‍ മാത്രം മതി ഈ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍.
സി.എ.ജി റിപ്പോര്‍ട്ടിനെതിരായ മുഖ്യമന്ത്രിയുടെ എതിര്‍പ്പിന്റെ അടിസ്ഥാനം കിഫ്ബി മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടാണ് വായ്പ എടുത്തിരിക്കുന്നത് എന്നുള്ളതാണ്. സുരേന്ദ്രന്‍ ആരോപിച്ചു.
സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് പുറത്തുവിടാന്‍ പാടില്ലെന്ന് നിയമമുണ്ടെന്നും എന്നാല്‍ അത് മന്ത്രി സഭയിലെ ആരും കാണരുതെന്നൊന്നുമില്ലെന്നും ധനമന്ത്രി തോമസ് ഐസക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
സി.എ.ജി റിപ്പോര്‍ട്ട് ദല്‍ഹിയിലേക്ക് പോയി തിരിച്ചുവന്നപ്പോഴേക്കും കരട് റിപ്പോര്‍ട്ടിലില്ലാത്ത നിരവധി കാര്യങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തുവെന്നും ധനമന്ത്രി തോമസ് ഐസക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന വാദങ്ങള്‍ സി.എ.ജിയുടെ കരട് റിപ്പോര്‍ട്ടില്‍ ഇല്ലായിരുന്നെന്നും അന്തിമ റിപ്പോര്‍ട്ടില്‍ ഇത് പിന്നീട് കൂട്ടിച്ചേര്‍ത്തതാണ് എന്നുമായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ ധനമന്ത്രി പറഞ്ഞത്.
കിഫ്ബി വഴി ലണ്ടന്‍ സ്റ്റോക്ക് എക്‌സേഞ്ചില്‍ നിന്നും മസാല ബോണ്ടുകള്‍ വാങ്ങിയ കേരള സര്‍ക്കാര്‍ നടപടിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരുന്നു. സി.എ.ജി റിപ്പോര്‍ട്ട് നിഷ്‌കളങ്കമല്ലെന്നും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സി.എ.ജി തന്നെ ഇറങ്ങിയിരിക്കുകയാണെന്നും വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസകിന്റെ പ്രതികരണം.
ചര്‍ച്ചയായ സി.എ.ജി റിപ്പോര്‍ട്ടില്‍ കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടുകള്‍ ഭരണഘടനാ വിരുദ്ധമാണെന്നതായിരുന്നു പ്രധാന കണ്ടെത്തല്‍. രാജ്യത്തിന് പുറത്ത് നിന്നും സംസ്ഥാനങ്ങള്‍ കടമെടുക്കരുതെന്ന ഭരണഘടനാ അനുച്ഛേദത്തിന്റെ ലംഘനമായാണു മസാല ബോണ്ട് വഴി കിഫ്ബി പണം സമാഹരിച്ചതിനെ സി.എ.ജി കാണുന്നത്.
സി.എ.ജി റിപ്പോര്‍ട്ടിലെ മറ്റൊരു ആക്ഷേപം കിഫ്ബി വായ്പകള്‍ ഓഫ് ബജറ്റ് വായ്പകളാണ് എന്നതാണ്. ഓഫ് ബജറ്റ് വായ്പകളെന്നാല്‍ ബജറ്റില്‍പ്പെടുത്താത്തതും എന്നാല്‍ ബജറ്റിന് ബാധ്യത വരുത്തുന്നതുമായ വായ്പകളാണ്. കിഫ്ബി വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യക്ഷ ബാധ്യതയാണ് എന്നാണ് മറ്റൊരു കണ്ടെത്തല്‍.
ഇതുവഴി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വായ്പ എടുക്കാന്‍ സാധിക്കില്ലെന്ന ഭരണഘടനയുടെ 293 അനുച്ഛേദം 1 നെ ലംഘിക്കുകയാണ് എന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഏതെല്ലാം പ്രൊജക്ടുകളാണ് കിഫ്ബി വഴി നടത്തുന്നതെന്ന് നിയമസഭയില്‍ അറിയിക്കുന്നത് കൊണ്ട് ഇത് ഓഫ് ബജറ്റ് ബോറോവിങ്ങ് ആകുന്നില്ല എന്നാണ് ധനമന്ത്രി വിഷയത്തില്‍ മറുപടി നല്‍കിയത്.
കിഫ്ബി പ്രൊജക്ട് അനുവദിക്കുന്നതിന് മുന്‍പ് ലയബിലിറ്റി പരിശോധിക്കും. കിഫ്ബി പ്രൊജക്ടുകള്‍ വഴി നടപ്പിലാക്കുന്ന പദ്ധതികളുടെ അസറ്റുകള്‍ വായ്പ തിരിച്ചടവിന് മുകളിലായിരിക്കുമെന്നും ധനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. സി.എ.ജി, കിഫ്ബി ഭരണഘടന വിരുദ്ധമാണെന്ന് പറയുമ്പോള്‍ ഈ മോഡലിന്റെ പ്രശ്നങ്ങള്‍ എന്തെന്ന് കൂടി പറയണമെന്നാണ് ധനമന്ത്രി ആവശ്യപ്പെട്ടിരുന്നത്.
കിഫ്ബി ഒരു കോര്‍പ്പറേറ്റ് ബോഡിയാണ്. അത് സംസ്ഥാനത്തില്‍ നിന്ന് വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ കിഫ്ബിയുടെ വായ്പ സംസ്ഥാനം എടുക്കുന്ന വായ്പയല്ല അത് ഒരു കോര്‍പ്പറേറ്റ് ബോഡി എടുക്കുന്നതാണ്. കോര്‍പ്പറേറ്റ് ബോഡിക്ക് വിദേശ വായ്പ എടുക്കാനുള്ള അവകാശമുള്ളതുകൊണ്ട് തന്നെ അത് ഒരു നിയമത്തിന്റെ ലംഘനമാകുന്നുമില്ല എന്നും തോമസ് ഐസക് പറഞ്ഞിരുന്നു.