| Saturday, 29th May 2021, 10:36 am

റോഡിലെ പരിശോധന ഒഴിവാക്കാന്‍ ഹെലികോപ്ടര്‍ ഉപയോഗിച്ച് സുരേന്ദ്രന്‍ പണം കടത്തി; ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രിയ്ക്ക് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനിടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഹെലികോപ്ടറില്‍ പണം കടത്തിയെന്ന് പരാതി.  ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ പ്രൊട്ടക്ഷന്‍ സംസ്ഥാന പ്രസിഡന്റ് ഐസക് വര്‍ഗീസാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയത്.

റോഡിലെ പരിശോധന ഒഴിവാക്കാന്‍ പണം കടത്താന്‍ സുരേന്ദ്രന്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ഉപയോഗിച്ചു എന്ന് പരാതിയില്‍ പറയുന്നു. അനധികൃത പണമിടപാടിനെക്കുറിച്ചുള്ള ശോഭാ സുരേന്ദ്രന്റെ ശബ്ദ സന്ദേശം സംബന്ധിച്ച് അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

”മാഷുടെ കൈയില്‍ കുറച്ച് പണം വന്നിട്ടുണ്ട്. അതില്‍ നിന്നും എനിക്ക് കുറച്ചു പൈസ വേണം. അത് പുണ്യ പ്രവര്‍ത്തിക്കല്ല. 25 ലക്ഷം രൂപ വാങ്ങിത്തരണം” -ശോഭാ സുരേന്ദ്രന്റേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പറയുന്നത്.

ശോഭാ സുരേന്ദ്രന്റെ സാമ്പത്തിക ഇടപാടിനെ കുറിച്ചുള്ള ഓഡിയോ ക്ലിപ്പ് സംബന്ധിച്ച് നേരത്തെ തന്നെ ഐസക് വര്‍ഗീസ് പരാതി നല്‍കിയിരുന്നു.

കൊടകര കള്ളപ്പണ കേസുമായി ഇതിന് ബന്ധം ഉണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് പുതിയ പരാതിയിലെ ആവശ്യം. സര്‍ക്കാര്‍ അന്വേഷണം വൈകിപ്പിച്ചാല്‍ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരന്‍ പറഞ്ഞു.

അതേസമയം കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം പ്രതിസന്ധിയിലായിരിക്കുകയാണ്. കുഴല്‍പ്പണ കവര്‍ച്ചാ സംഘത്തിന് തൃശ്ശൂരില്‍ താമസ സൗകര്യമൊരുക്കി നല്‍കിയത് തൃശ്ശൂര്‍ ജില്ലാ നേതൃത്വമാണെന്ന് മുറി ബുക്ക് ചെയ്ത ഹോട്ടലിലെ ജീവനക്കാരന്‍ പൊലീസിന് മൊഴി നല്‍കി.

ഏപ്രില്‍ 2ന് വൈകീട്ട് ഹോട്ടല്‍ നാഷണല്‍ ടൂറിസ്റ്റ് ഹോമിലാണ് ഇവര്‍ക്ക് മുറി ബുക്ക് ചെയ്തത്. 215, 216 നമ്പര്‍ മുറികളാണ് ബുക്ക് ചെയ്തത്. 215 -ാം നമ്പര്‍ മുറിയില്‍ ധര്‍മരാജനും 216ാം നമ്പര്‍ മുറിയില്‍ ഷംജീറും റഷീദും താമസിച്ചെന്നുമാണ് ഹോട്ടല്‍ ജീവനക്കാരന്റെ മൊഴി.

ഹോട്ടല്‍ രേഖകളും സി.സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണ സംഘം കണ്ടെടുത്തു. ധര്‍മരാജിനെയും ഡ്രൈവര്‍ ഷംജീറിനെയും പൊലീസ് ഇന്നും ചോദ്യം ചെയ്യും. പൊലീസ് ക്ലബില്‍ എത്താനാണ് നിര്‍ദേശം.

ഏപ്രില്‍ മൂന്നിനു പുലര്‍ച്ചെയാണ് കൊടകരയില്‍ കുഴല്‍പ്പണ കവര്‍ച്ച നടന്നത്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണു പരാതി പൊലീസിനു ലഭിച്ചതെങ്കിലും ഇതുവരെ ഒരു കോടിയിലേറെ രൂപ കണ്ടെടുത്തിട്ടുണ്ട്.

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഗണേശ്, ഓഫീസ് സെക്രട്ടറി ഗിരീഷ്, ആലപ്പുഴ ജില്ലാ ട്രഷറര്‍ കര്‍ത്ത എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

അതേസമയം കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷകള്‍ തള്ളി. ഒന്നാം പ്രതി മുഹമ്മദ് അലി, മൂന്നാം പ്രതി രഞ്ജിത്, നാലാം പ്രതി ദീപക്, പതിനൊന്നാം പ്രതി ഷുക്കൂര്‍, മറ്റൊരു പ്രതിയായ റഹീം എന്നിവരുടെ ജാമ്യാപേക്ഷയാണ് തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയത്.

നേരത്തെ പ്രതികള്‍ക്ക് വലിയ തോതിലുള്ള പ്രതിഫലം ലഭിച്ചു എന്ന കാര്യം പോലീസ് കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് കേസിലെ പ്രതി മാര്‍ട്ടിന്റെ അമ്മ അന്വേഷണ സംഘത്തിനു മുന്നില്‍ സ്വര്‍ണം ഹാജരാക്കിയിരുന്നു. കവര്‍ച്ചാ പണം ഉപയോഗിച്ച് വാങ്ങിയ സ്വര്‍ണമാണ് ഹാജരാക്കിയത്. അഞ്ച് ലക്ഷം രൂപയോളം വിലമതിക്കുന്ന 13.76 പവന്‍ സ്വര്‍ണമാണ് പ്രതിയുടെ അമ്മ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാക്കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: K Surendran Helicopter Hawala Money Kerala Election 2021 BJP Kodakara Hawala Money

We use cookies to give you the best possible experience. Learn more