| Saturday, 8th December 2018, 10:45 am

കെ.സുരേന്ദ്രന്‍ ജയില്‍ മോചിതനായി; ജയിലിന് പുറത്ത് ബി.ജെ.പി പ്രവര്‍ത്തകരുടെ നാമജപം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ജയില്‍ മോചിതനായി. ശബരിമലയില്‍ സ്ത്രീകളെ തടയാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട വധശ്രമക്കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ജാമ്യം അനുവദിച്ചത്.

പൂജപുര ജയിലിന് പുറത്ത് രാവിലെ തന്നെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഒത്തുകൂടുകയും നാമജപം നടത്തുകയും ചെയ്തിരുന്നു. പുറത്തിറങ്ങിയ സുരേന്ദ്രന്‍ എ.എന്‍ രാധാകൃഷ്ണന്‍ നിരാഹാരം നടത്തുന്ന സ്ഥലം സന്ദര്‍ശിക്കും. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പത്തനംതിട്ട ജില്ലയില്‍ സുരേന്ദ്രന്‍ പ്രവേശിക്കാന്‍ പാടില്ല എന്നതാണ് ഒരു ഉപാധി. കഴിഞ്ഞ 21 ദിവസമായി ജയിലിലായിരുന്നു സുരേന്ദ്രന്‍. പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാനും രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കാനും നിര്‍ദ്ദേശമുണ്ടായിരുന്നു.

Also Read  കെ. സുരേന്ദ്രന് വേണ്ടിയുള്ള സംയുക്ത പ്രസ്താവനയില്‍ ഞാനും ഭാര്യയും ഒപ്പിട്ടിട്ടില്ല : ഷാജി കൈലാസ്

ശബരിമലയില്‍ സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലായിരുന്നു സുരേന്ദ്രന് ജാമ്യം ലഭിക്കാനുണ്ടായിരുന്നത്. നേരത്തെ പല കേസുകളിലും സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു. വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനാണ് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നതെന്നും ജാമ്യം അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി സുരേന്ദ്രന്‍ കോടതിയില്‍ ഹരജി നല്‍കിയിരുന്നു.

സന്നിധാനത്ത് നവംബര്‍ ആറിന് 52 വയസുള്ള സ്ത്രീയേയും ബന്ധുവിനേയും അക്രമിച്ച സംഭവത്തിലാണ് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തത്. ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്നപ്പോള്‍ ദര്‍ശനത്തിന് എത്തിയ തൃശൂര്‍ സ്വദേശി ലളിതാ ദേവിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും വധശ്രമം നടത്തിയെന്നുമാണ് സുരേന്ദ്രനും മറ്റ് പ്രതികള്‍ക്കും എതിരായ കേസ്. അന്‍പത്തിരണ്ട് വയസുകാരിയായ ലളിതാദേവിയെ ആചാരലംഘനം ആരോപിച്ച് പ്രതിഷേധക്കാര്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ലളിതാ ദേവിക്കും കുടുംബത്തിനും പരിക്കേറ്റിരുന്നു.

DoolNews Video

Latest Stories

We use cookies to give you the best possible experience. Learn more