അതിപ്പോ ഇന്ത്യയിലെ എല്ലാവരുടേയും പേര് ദൈവത്തിന്റെ പര്യായമാണല്ലോ; ആരോപണത്തില്‍ വിശദീകരണവുമായി സുരേന്ദ്രന്‍
Gold Smuggling
അതിപ്പോ ഇന്ത്യയിലെ എല്ലാവരുടേയും പേര് ദൈവത്തിന്റെ പര്യായമാണല്ലോ; ആരോപണത്തില്‍ വിശദീകരണവുമായി സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th December 2020, 9:55 pm

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് കോടതി പറഞ്ഞ ഉന്നതന്‍ ഭഗവാന്റെ പേരുള്ള ഒരാളാണെന്ന് പറഞ്ഞതില്‍ വിശദീകരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ വിനു. വി ജോണിന്റെ ചോദ്യത്തിനായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം.

ദൈവത്തിന്റെ പേരുള്ളയാളാണെന്നൊക്കെ സുരേന്ദ്രന്‍ പറയുന്നത് കേട്ടു. എന്തായാലും ഇത് മൊഴി കൊടുത്ത ആളിനോ മൊഴി രേഖപ്പെടുത്തിയ ആളുകള്‍ക്കോ കോടതിയ്‌ക്കോ അല്ലാതെ മറ്റാര്‍ക്കും അറിയാന്‍ കഴിയാത്ത കാര്യങ്ങളാണ്. മജിസ്‌ട്രേറ്റിന്റെ മുന്നില്‍ മുദ്രവെച്ച കവറില്‍ കൊടുത്ത കാര്യങ്ങളാണ്.

അതിലെ കാര്യങ്ങള്‍ എങ്ങനെയാണ് സുരേന്ദ്രന്‍ അറിയുന്നതും ദൈവത്തിന്റെ പേരാണെന്നുമൊക്കെ പരസ്യമായി അവകാശപ്പെടുന്നതും എന്നായിരുന്നു വിനുവിന്റെ ചോദ്യം.

എന്നാല്‍ ഇന്ത്യയിലെ എല്ലാവരുടേയും പേര് ദൈവത്തിന്റെ പര്യായം തന്നെയാണല്ലോ എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.

‘അതാണ് ഞാന്‍ പറഞ്ഞത്. ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്തുവരുന്നതെന്ന് ബഹുമാനപ്പെട്ട കോടതി തന്നെയാണ് പറഞ്ഞിരിക്കുന്നത്’, സുരേന്ദ്രന്‍ പറഞ്ഞു.

ഉന്നതനെക്കുറിച്ച് സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളെ ഇപ്പോഴും പറയുന്നുള്ളൂ എന്ന് വിനു ചോദിച്ചപ്പോള്‍ കോടതിയിലുള്ള കാര്യങ്ങള്‍ ഞാനായിട്ട് പറയേണ്ടതില്ലല്ലോ എന്നായിരുന്നു സുരേന്ദ്രന്റെ വിശദീകരണം.

നയതന്ത്രപാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്തിനും ഡോളര്‍ കടത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചത് വമ്പന്‍ സ്രാവുകളാണെന്ന് കഴിഞ്ഞ ആഴ്ച കോടതി പറഞ്ഞിരുന്നു. പ്രതികള്‍ വെളിപ്പെടുത്തിയ പേരുകള്‍ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഇവ ഈ ഘട്ടത്തില്‍ പുറത്തുവരുന്നത് അന്വേഷണപുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്നുമായിരുന്നു കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതി പറഞ്ഞത്.

എന്നാല്‍ ഇതിന് പിന്നാലെ കേസില്‍ ഒരു ഉന്നതന് മാത്രമാണ് പങ്കുള്ളത് എന്ന് കരുതുന്നില്ല, നാലോ അഞ്ചോ പേര്‍ പ്രധാനികളായി ഉണ്ടെന്നാണ് തന്റെ നിരീക്ഷണമെന്നും കെ സുരേന്ദ്രന്‍ വാര്‍ത്താമ്മേളനത്തില്‍ പറഞ്ഞിരുന്നു.

‘ഉന്നതന്‍ ആരാണെന്ന പേര് ഇപ്പോള്‍ പറയുന്നില്ല നിയമപരമായി പേരുകള്‍ പുറത്തുവരുന്നതല്ലേ നല്ലത്. പ്രസേനനെ കൊന്നത് ആരുവാന്‍ പോലും എന്ന് ചോദിച്ചപ്പോള്‍ പ്രസേനനെ കൊന്നത് ഈശ്വരന്‍ പോലും എന്നാണ് മറുപടി പറഞ്ഞത്.’, എന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K Surendran Gold Smuggling Gods Name