തിരുവനന്തപുരം: ബി.ജെ.പിയില്‍ നിന്ന് ശോഭാ സുരേന്ദ്രന്‍ മാറി നില്‍ക്കുന്നതിന് ഒരു കാരണവുമില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണത്തിന് പോലും ഇറങ്ങാത്തതിന് ഒരു ന്യായീകരണവുമില്ലെന്നും സുരേന്ദ്രന്‍ ബി.ജെ.പി കേന്ദ്ര നേതാക്കളോടും ആര്‍.എസ്.എസിനോടും വിശദീകരിച്ചു.
ശോഭാ സുരേന്ദ്രന് പാര്‍ട്ടിയില്‍ നിന്ന് വിട്ട് നില്‍ക്കുന്നതിന് ഒരു കാരണവുമില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പോലും പ്രവര്‍ത്തിക്കാത്തതിന് ന്യായീകരണമില്ല. ഒറ്റക്കെട്ടായി പോകണമെന്നും പാര്‍ട്ടിയോഗത്തില്‍ പങ്കെടുക്കണമെന്നും പ്രഭാരിമാര്‍ ആവശ്യപ്പെട്ടിട്ടും ചെവിക്കൊണ്ടില്ല,’ സുരേന്ദ്രന്‍ പറഞ്ഞു.
തനിക്കെതിരെയെന്ന് മാധ്യമങ്ങള്‍ പറയുന്ന എം. ടി രമേശും പി. കെ കൃഷ്ണദാസും അടക്കമുള്ളവര്‍ തെരഞ്ഞെടുപ്പില്‍ സജീവമായി രംഗത്തിറങ്ങിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
50 ശതമാനം സ്ത്രീകള്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലെ പ്രമുഖ വനിതാ നേതാക്കളിലൊരാളായ ശോഭാ സുരേന്ദ്രനെ മാറ്റിനിര്‍ത്തിയതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആര്‍.എസ്.എസ് ആവശ്യപ്പെട്ടിരുന്നു.
മുതിര്‍ന്ന നേതാക്കളെ അവഗണിച്ചത് താഴെ തട്ടിലെ പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയെന്നും ഇത് പാര്‍ട്ടിക്ക് പൊതു സമൂഹത്തില്‍ അവമതിപ്പുണ്ടാക്കിയെന്നും നേതൃത്വം വിലയിരുത്തിയിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു സുരേന്ദ്രന്‍.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ പാര്‍ട്ടിക്കായില്ലെന്നും ആര്‍.എസ്.എസ് വിലയിരുത്തിയിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പാര്‍ട്ടിയിലെ ഉള്‍പോരും ഗ്രൂപ്പിസവുമാണെന്നും ആര്‍.എസ്.എസ് ഉന്നയിച്ചിരുന്നു.
കെ. സുരേന്ദ്രനെതിരെ ആര്‍.എസ്.എസ് രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. 30 ശതമാനം നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന് പറഞ്ഞ സുരേന്ദ്രന് അതിന് സാധിച്ചില്ലെന്നും നേതൃത്വം വിലയിരുത്തി.
അതേസമയം ശോഭാ സുരേന്ദ്രന് പാര്‍ട്ടിയില്‍ അതൃപ്തിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സുരേന്ദ്രന്‍ പറഞ്ഞത്. അതൃപ്തിയുണ്ടെന്നത് മാധ്യമപ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.
സുരേന്ദ്രന്റെ നേതൃത്വത്തിനെതിരെ ശോഭാ സുരേന്ദ്രന്‍ വിഭാഗവും കൃഷ്ണദാസ് പക്ഷവും കേന്ദ്ര നേതൃത്വത്തിന് വീണ്ടും കത്തയച്ചിരുന്നു. വെവ്വേറെ കത്തുകളാണ് ഇരുപക്ഷവും അയച്ചത്.
2015നെക്കാള്‍ ആകെ ജയിച്ച വാര്‍ഡുകളുടെ എണ്ണം കൂടിയെന്ന നേതൃത്വത്തിന്റെ അവകാശവാദം പൊള്ളയാണ്. ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്കിലും പാര്‍ട്ടിക്കുണ്ടായത് കനത്തതോല്‍വിയാണെന്നും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതീക്ഷിച്ച നേട്ടത്തിന്റെ അടുത്തുപോലും എത്തിയില്ലെന്നും കേന്ദ്ര നേതൃത്വത്തിനയച്ച കത്തില്‍ പറയുന്നുണ്ട്.
തെരഞ്ഞെടുപ്പ് സമിതിയും കോര്‍കമ്മിറ്റിയും ചേര്‍ന്നില്ലെന്നും ശോഭാ സുരേന്ദ്രന്‍, പി.എം വേലായുധന്‍, കെ.പി ശ്രീശന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ പരിഗണിക്കുന്നില്ലെന്നതുമാണ് കത്തില്‍ ശോഭാ വിഭാഗം പ്രധാനമായും പറയുന്നത്.
കോണ്‍ഗ്രസ് വിട്ടുവന്ന നേതാക്കള്‍ക്ക് വാരിക്കോരി സ്ഥാനമാനങ്ങള്‍ നല്‍കിയെന്നും പറയുന്നു. സുരേന്ദ്രന്റ നേതൃത്വത്തില്‍ മുന്നോട്ട് പോയാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി തുടരുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്.
തെരഞ്ഞെടുപ്പിന് മുമ്പ് ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ച പരാതികള്‍ തീര്‍ക്കണമെന്ന് ആര്‍.എസ്.എസ് നേതാക്കള്‍ ഉന്നയിച്ച ആവശ്യം പരിഗണിച്ചില്ല എന്ന പരാതിയും ശോഭ സുരേന്ദ്രന്‍ ഉന്നയിക്കുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് തവണ ശോഭാ സുരേന്ദ്രന്‍ വിഭാഗം കേന്ദ്രത്തിന് സുരേന്ദ്രനെതിരെ കത്ത് നല്‍കിയിരുന്നു.
എന്നാല്‍ തനിക്കെതിരെ ആരും ദേശീയ നേതൃത്വത്തിന് കത്തയച്ചിട്ടില്ലെന്നും അങ്ങനെ അയച്ചിട്ടുണ്ടെങ്കില്‍ അത് പുറത്ത് വിടണമെന്നുമാണ് സുരേന്ദ്രന്റെ ആവശ്യം. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കണക്കുകൂട്ടിയ വിജയം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: K surendran gave explanation to RSS and BJP central leadership on Sobha surendran issue