ശബരിമലയില്‍ സ്ത്രീയെ അക്രമിച്ച കേസ്; കെ. സുരേന്ദ്രന്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും
Kerala News
ശബരിമലയില്‍ സ്ത്രീയെ അക്രമിച്ച കേസ്; കെ. സുരേന്ദ്രന്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th November 2018, 8:03 am

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഇന്ന് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. റാന്നി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി സുരേന്ദ്രന്റെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.

കണ്ണൂര്‍ മജിസ്ട്രേറ്റ് കോടതിയുടെ പ്രൊഡക്ഷന്‍ വാറന്റ് ഉള്ളതിനാല്‍ സുരേന്ദ്രനെ ഇന്ന് കണ്ണൂരില്‍ ഹാജരാക്കും. കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സുരേന്ദ്രനെ ഇന്നലെ കോഴിക്കോട് എത്തിച്ചിരുന്നു. ജയില്‍ മാറണമെന്നതടക്കമുള്ള സുരേന്ദ്രന്റെ ആവശ്യങ്ങളും കോടതി ഇന്ന് പരിഗണിച്ചേക്കും.

ALSO READ: മന്ത്രി മാത്യു.ടി.തോമസ് ഇന്ന് രാജി വെക്കും; കെ.കൃഷ്ണന്‍കുട്ടിയുടെ കാര്യത്തില്‍ തീരുമാനം ഉടന്‍

ചിത്തിര ആട്ട വിശേഷ സമയത്ത് മകന്റെ കുഞ്ഞിന്റെ ചോറൂണിനെത്തിയ തൃശ്ശൂര്‍ സ്വദേശിനി ലളിതയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് സുരേന്ദ്രനെതിരെയുള്ള കേസ്. ഇതില്‍ പതിമൂന്നാം പ്രതിയാണ് സുരേന്ദ്രന്‍. നിരോധനാജ്ഞ ലംഘിച്ച കേസില്‍ നേരത്തെ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു.

എന്നാല്‍, സ്ത്രീയെ ആക്രമിച്ച കേസില്‍ വധശ്രമത്തോട് അനുബന്ധിച്ചുള്ള ഗൂഢാലോചനയായതിനാല്‍ ജാമ്യം അനുവദിക്കാനാകില്ല എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ പൊലീസിന് ഒരു മണിക്കൂര്‍ അനുമതിയും കോടതി നല്‍കി.

ചിത്തിര ആട്ടവിശേഷത്തിന് സന്നിധാനത്ത് 52 വയസുള്ള തൃശ്ശൂര്‍ സ്വദേശിനി ലളിതാദേവിയെ ഒരു സംഘം ആളുകള്‍ അക്രമിച്ചതിലെ ഗൂഢാലോചനക്കേസിലാണ് കെ.സുരേന്ദ്രനെ പ്രതി ചേര്‍ത്തിരിക്കുന്നത്. സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തുകൊണ്ടാണ് പ്രോസിക്യൂഷന്‍ വാദങ്ങള്‍ നിരത്തിയത്.

സുരേന്ദ്രന്‍ നിരവധി കേസുകളില്‍ പ്രതിയാണ്. സുപ്രീംകോടതി വിധിയെ പരസ്യമായി വെല്ലുവിളിച്ചു. ചിത്തിര ആട്ടവിശേഷത്തിന് സ്ത്രീയെ ആക്രമിച്ച സംഭവത്തിലെ ഗുഢാലോചന തെളിയിക്കുന്ന ദൃശ്യങ്ങളുമുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍, പൊലീസ് എടുത്തിരിക്കുന്നത് കള്ളക്കേസുകളാണെന്നാണ് കെ. സുരേന്ദ്രന്റെ അഭിഭാഷകന്റെ വാദം.