| Monday, 8th May 2017, 9:57 pm

നട്ടെല്ലുള്ള വനിതാ നേതാവാണ് നിങ്ങള്‍; അപമാനം സഹിച്ച് അടങ്ങിയിരിക്കരുത്; ഖമറുന്നീസയോട് കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സമ്മര്‍ദ്ദം കാരണം ഖേദം പ്രകടിപ്പിക്കേണ്ടി വന്നെങ്കിലും നട്ടെല്ലുള്ള ഒരു വനിതാ നേതാവു തന്നെയാണ് ഖമറുന്നീസ അനവറെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വനിതാ ലീഗ് മുന്‍ അധ്യക്ഷയുടെ നിലപാടുകളെക്കുറിച്ച് സുരേന്ദ്രന്‍ അഭിപ്രായം രേഖപ്പെടുത്തിയത്.


Also read ‘ഡബ്‌സ്മാഷ് ഒരത്ഭുതമായ് തോന്നിയിട്ടുണ്ടോ?, ഇല്ലെങ്കില്‍ ഇനി തോന്നും’; ഭാഗ്യ ലക്ഷ്മിയെപ്പോലും ഞെട്ടിച്ച പെണ്‍കുട്ടി; വീഡിയോ 


രാജ്യത്ത് മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങള്‍ എല്ലാവരേയും ആകര്‍ഷിക്കുന്നുണ്ടെന്നും അതു തുറന്ന് പറയാനുള്ള ആര്‍ജ്ജവമാണ് ഖമറൂന്നിസ അന്‍വര്‍ കാണിച്ചതെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. അവരുടെ മകന്‍ പറഞ്ഞ കാര്യങ്ങള്‍ കൂടി വായിക്കുമ്പോള്‍ അവരുടെ നിലപാടുകള്‍ വ്യക്തമാകുന്നുണ്ടെന്നും കെ.സുരേന്ദ്രന്‍ പറയുന്നു.

അനന്തമായ സാധ്യതകളാണ് ഈ നിലപാടിലൂടെ അവര്‍ തുറന്നിട്ടിരിക്കുന്നതെന്ന് പറഞ്ഞ ബി.ജെ.പി നേതാവ് ഒന്നുകില്‍ അപമാനം സഹിച്ച് അടങ്ങിയിരിക്കുക അല്ലെങ്കില്‍ പറഞ്ഞ നിലപാടില്‍ ഉറച്ച് നാടിനെ സേവിക്കാനും ദുരിതമനുഭവിക്കുന്ന മുസ്‌ലിം സ്ത്രീകളെ സഹായിക്കാനും തയ്യാറാവുകയാണ് വേണ്ടതെന്നും പറയുന്നു.

ഇതില്‍ രണ്ടാമത്തെ മാര്‍ഗ്ഗം അവര്‍ സ്വീകരിക്കുമെന്നാണ് പൊതുസമൂഹം പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ് കൊണ്ടാണ് സുരേന്ദ്രന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ബി.ജെ.പിയുടെ പ്രവര്‍ത്തനഫണ്ടിലേക്ക് സംഭവന നല്‍കി ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്ത് സംസാരിച്ചതിന്റെ പേരിലാണ് വനിതാ ലീഗ് നേതാവ് ഖമറുന്നീസ അന്‍വറെ നേതൃസ്ഥാനത്ത് നിന്ന് നീക്കിയത്. അണികളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു പാര്‍ട്ടി നേതൃത്വം ഖമറുന്നീസക്കെതിരെ നടപടി സ്വീകരിച്ചത്.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

“ഖമറുന്നീസ അന്‍വര്‍ ഒരു ഒററപ്പെട്ട വ്യക്തിയല്ല. ഇങ്ങനെ ചിന്തിക്കുന്ന പലരും നമ്മുടെ നാട്ടിലുണ്ട്. പ്രത്യേകിച്ച് മുസ്‌ലീം വനിതകള്‍. മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങള്‍ എല്ലാവരേയും ആകര്‍ഷിക്കുന്നുണ്ട്. അതു തുറന്നു പറയാനുള്ള തന്റേടം പലര്‍ക്കുമില്ലെന്നേയുള്ളൂ. സമ്മര്‍ദ്ദം കാരണം ഖേദം പ്രകടിപ്പിക്കേണ്ടി വന്നെങ്കിലും അവര്‍ നട്ടെല്ലുള്ള ഒരു വനിതാ നേതാവു തന്നെയാണ്. അവരുടെ മകന്‍ പറഞ്ഞ കാര്യങ്ങള്‍ കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ അവരുടെ നിലപാട് ബോധ്യമാവും.

അനന്തമായ സാധ്യതകളാണ് ഈ നിലപാടിലൂടെ അവരുടെ മുന്നില്‍ തുറന്നിട്ടിരിക്കുന്നത്. ഒന്നുകില്‍ അപമാനം സഹിച്ച് അടങ്ങിയിരിക്കുക. അല്ലെങ്കില്‍ പറഞ്ഞ നിലപാടില്‍ ഉറച്ചുനിന്ന് നാടിനെ സേവിക്കാനും ദുരിതമനുഭവിക്കുന്ന മുസ്‌ലീം സ്ത്രീകളെ സഹായിക്കാനും ഈ അവസരം പ്രയോജനപ്പെടുത്തുക. രണ്ടാമത്തേതാണ് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്.”

We use cookies to give you the best possible experience. Learn more