| Monday, 11th October 2021, 8:52 am

സുരേന്ദ്രന് നിര്‍ണായകം; തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ശബ്ദ പരിശോധന ഇന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ സി.കെ. ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ശബ്ദ പരിശോധന തിങ്കളാഴ്ച നടക്കും. കാക്കാനാട്ടെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വച്ചാണ് സാമ്പിള്‍ എടുക്കുക.

രാവിലെ 11 ന് സ്റ്റുഡിയോയില്‍ എത്താനായി സുരേന്ദ്രന് നോട്ടീസ് നല്‍കിയെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. കേസിലെ പ്രധാന സാക്ഷി പ്രസീത അഴീക്കോടിന്റെ ശബ്ദസാമ്പിളും തിങ്കളാഴ്ച തന്നെ ശേഖരിക്കും.

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകാന്‍ സി.കെ. ജാനുവിന് 35 ലക്ഷം രൂപ കോഴ നല്‍കിയെന്ന കേസിലാണ് തെളിവ് ശേഖരണം. കേസില്‍ സുരേന്ദ്രന്‍ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്.

കേസില്‍ സുരേന്ദ്രന് നിര്‍ണായകമാണ് ഇന്നത്തെ പരിശോധന. സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ശബ്ദ പരിശോധന നടത്തുന്നത്.

ജാനുവിന് സുരേന്ദ്രന്‍ തിരുവനന്തപുരത്ത് വച്ച് 10 ലക്ഷവും ബത്തേരിയില്‍ വച്ച് 25 ലക്ഷം രൂപയും നല്‍കിയെന്നാണ് ജെ.ആര്‍.പി മുന്‍ നേതാവായിരുന്ന പ്രസീത അഴീക്കോട് വെളിപ്പെടുത്തിയിരുന്നത്. ഇത് തെളിയിക്കാന്‍ പല ഘട്ടങ്ങളിലായി സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളും പ്രസീത പുറത്തുവിട്ടിരുന്നു.

മാര്‍ച്ച് 26ന് ബത്തേരിയിലെ ഹോംസ്റ്റേയില്‍ വെച്ച് 25 ലക്ഷം രൂപ സഞ്ചിയിലാക്കി പൂജാ സാധനങ്ങള്‍ എന്ന വ്യാജേനെ ജാനുവിന് നല്‍കിയെന്നായിരുന്നു പ്രസീതയുടെ ആരോപണം. കിട്ടിയ പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിന് പകരം സി.കെ. ജാനു സ്വന്തം ആവശ്യങ്ങള്‍ക്കായി മാറ്റിയെന്നുമായിരുന്നു പ്രസീതയുടെ പരാതി.

മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ബി.എസ്.പി. സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുന്ദരയ്ക്ക് കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള മറ്റൊരു കേസും സുരേന്ദ്രനെതിരെയുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: K Surendran Election Fraud Praseetha Kerala Election 2021 BJP

We use cookies to give you the best possible experience. Learn more