ഇന്നത്തെ സാഹചര്യത്തില്‍ ടാക്‌സിയേക്കാള്‍ എത്രയോ ലാഭം ഹെലികോപ്റ്റര്‍; സുരേന്ദ്രന് തെരഞ്ഞെടുപ്പ് പര്യടനത്തിന് ഹെലികോപ്റ്റര്‍ അനുവദിച്ചതില്‍ എം.ടി രമേശ്
Kerala
ഇന്നത്തെ സാഹചര്യത്തില്‍ ടാക്‌സിയേക്കാള്‍ എത്രയോ ലാഭം ഹെലികോപ്റ്റര്‍; സുരേന്ദ്രന് തെരഞ്ഞെടുപ്പ് പര്യടനത്തിന് ഹെലികോപ്റ്റര്‍ അനുവദിച്ചതില്‍ എം.ടി രമേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th March 2021, 2:23 pm

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനാല്‍ പ്രചാരണങ്ങള്‍ക്ക് പോകാനായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഹെലികോപ്ടര്‍ സൗകര്യം ഏര്‍പ്പെടുത്താനുള്ള പാര്‍ട്ടി തീരുമാനത്തില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവും കോഴിക്കോട് നോര്‍ത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ എം.ടി രമേശ്.

ഇന്നത്തെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ടാക്സിയോ കാറോ ഉപയോഗിക്കുന്നതിനേക്കാള്‍ എത്രയോ ലാഭകരമാണ് ഹെലികോപ്ടര്‍ ഉപയോഗിക്കുന്നതെന്നായിരുന്നു എം.ടി രമേശിന്റെ പ്രതികരണം.

ബി.ജെ.പിയുടെ ഫണ്ട് ഉപയോഗിച്ച് സ്വന്തം നിലയ്ക്കാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തതെന്നും മുഖ്യമന്ത്രിയെ തങ്ങള്‍ വിമര്‍ശിച്ചത് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ആവശ്യമില്ലാതെ ഒരു ഹെലികോപ്ടര്‍ കേരളത്തിന് സ്വന്തമായെടുത്തതിനാണെന്നുമായിരുന്നു എം.ടി രമേശ് പറഞ്ഞത്.

‘പൊതുവെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാറുണ്ട്. മുഖ്യമന്ത്രിയെ ഞങ്ങള്‍ വിമര്‍ശിച്ചത് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ആവശ്യമില്ലാതെ ഒരു ഹെലികോപ്ടര്‍ കേരളത്തിന് സ്വന്തമായെടുത്തിനെക്കുറിച്ചാണ്.

സി.പി.ഐ.എം ഒരു ഹെലികോപ്ടര്‍ വാടകയ്ക്കെടുത്ത് ഒരു തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനെ ഞങ്ങള്‍ വിമര്‍ശിക്കാറില്ല. ഇത് ബി.ജെ.പി ഫണ്ട് ഉപയോഗിച്ച് കൊണ്ട് സ്വന്തം നിലയ്ക്ക് എടുത്തതാണ്.

ഇന്നത്തെ സാഹചര്യത്തില്‍ ഒരു ടാക്സിയെടുത്ത്, കാറെടുത്ത് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുന്നതിനേക്കാള്‍ എത്രയോ ലാഭകരമാണ് ഒരു ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കുന്നത്,’ എം.ടി രമേശ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും കെ. സുരേന്ദ്രന്റെ സജീവ സാന്നിധ്യമുണ്ടാവുമെന്നും സംസ്ഥാന പ്രസിഡന്റ് രണ്ടിടത്ത് മത്സരിക്കുന്നത് പാര്‍ട്ടിയുടെ വിജയ സാധ്യത വര്‍ധിപ്പിക്കുന്നെന്നും എം.ടി രമേശ് പറഞ്ഞു.

ഇരുമണ്ഡലങ്ങളിലും രണ്ട് ദിവസങ്ങളുടെ ഇടവേളകളില്‍ പ്രചാരണം നടത്തുമെന്നാണ് സുരേന്ദ്രന്‍ അറിയിച്ചിരിക്കുന്നത്. പ്രചാരണത്തിനായി പാര്‍ട്ടി ഹെലികോപ്റ്റര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അല്ലാതെ രണ്ടിടത്തും ഓടിയെത്താന്‍ തനിക്ക് കഴിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K Surendran Election Campaign in Helicopter MT Ramesh Comment