| Saturday, 1st June 2019, 3:32 pm

ഉപതെരഞ്ഞെടുപ്പില്‍ നിന്നുള്ള കെ സുരേന്ദ്രന്റെ പിന്മാറ്റം മഞ്ചേശ്വരത്തെ യുഡിഎഫ് ലീഡ് കണ്ടോ?; പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് യുഡിഎഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സംസ്ഥാനത്ത് നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ വ്യക്തമാക്കി. മഞ്ചേശ്വരത്ത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച സുരേന്ദ്രന്‍ തന്നെ വീണ്ടും ഇവിടെ മത്സരിക്കാനിറങ്ങുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബിജെപിക്ക് ഒന്നാമതെത്താന്‍ കഴിഞ്ഞിരുന്നില്ല. യുഡിഎഫ് മികച്ച ലീഡ് നേടുകയും ചെയ്തിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന കെ സുരേന്ദ്രന്റെ പ്രതികരണം ഈ കണക്കിനെ അടിസ്ഥാനപ്പെടുത്തിയാണെന്ന് വിലയിരുത്തുന്നവരും ഉണ്ട്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ യുഡിഎഫിനും എല്‍ഡിഎഫിനും ഭയം സമ്മാനിച്ച മണ്ഡലമാണ് മഞ്ചേശ്വരം. കേവലം 89 വോട്ടിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.ബി അബ്ദുള്‍ റസാഖ് ജയിച്ചു കയറിയത്. രണ്ടാം സ്ഥാനത്തെത്തിയതാകട്ടെ കെ സുരേന്ദ്രനും. പിബി അബ്ദുള്‍ റസാഖിന്റെ വിജയത്തിനെതിരെ കെ.സുരേന്ദ്രന്‍ നിയമനടപടികളും സ്വീകരിച്ചിരുന്നു. ഇതിനിടയിലാണ് എംഎല്‍എ പി.ബി അബ്ദുള്‍ റസാഖ് അന്തരിക്കുന്നത്. കോടതിയിലെ കേസില്‍ തീരുമാനമാവാത്തതിനെ തുടര്‍ന്ന് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പും വൈകി. തുടര്‍ന്നാണ് ലോക്സഭ തെരഞ്ഞെടുപ്പ് വരുന്നത്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബിജെപി ഭീതിയെ മാറ്റി നിര്‍ത്തിയതിന്റെ ആശ്വാസത്തിലാണ് മുസ്ലിം ലീഗും യുഡിഎഫും. യുഡിഎഫ് സ്ഥാനാര്‍്ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ നിയോജക മണ്ഡലത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ബിജെപിയുടെ രവീശതന്ത്രി കുണ്ടാര്‍ രണ്ടാം സ്ഥാനത്തെത്തിയെങ്കിലും രാജ്മോഹന്‍ ഉണ്ണിത്താന്‍ നേടിയ ലീഡ് യുഡിഎഫിന് ആശ്വാസം പകരുന്നതാണ്.

11113 വോട്ടിന്റെ ലീഡാണ് മഞ്ചേശ്വരത്ത് രാജ്മോഹന്‍ ഉണ്ണിത്താന്‍ നേടിയത്. ഇത്രയും വോട്ടിന് പിന്നില്‍ പോയത് ബിജെപി ക്യാമ്പുകളില്‍ വലിയ ക്ഷീണമാണ് സമ്മാനിച്ചിരിക്കുന്നത്. കെ സുരേന്ദ്രനെ സംബന്ധിച്ചിടത്തോളം വീണ്ടും പൊരുതി നോക്കാന്‍ പ്രേരിപ്പിക്കുന്നതല്ല പുതിയ കണക്കുകള്‍.

മണ്ഡലത്തില്‍ നേടിയ വിജയത്തിന് പിന്നാലെ മുസ്ലിം ലീഗ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീനും യൂത്ത് ലീഗ് നേതാവ് എ.കെ.എം അഷറഫുമാണ് നിലവില്‍ സാധ്യതാ പട്ടികയിലുള്ളത്. എം.സി ഖമറുദ്ദീനെ നേരത്തെയും നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പരിഗണിച്ചിരുന്നു.

We use cookies to give you the best possible experience. Learn more