| Sunday, 24th September 2023, 10:52 pm

എന്തിന് മാധ്യമങ്ങളെ പഴിക്കണം? വി.ഡി. സതീശന്‍ കെ. സുധാകരനോട് കാട്ടിയത് വലിയ ക്രൂരത: കെ സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചലച്ചിത്രകാരന്‍ കെ.ജി. ജോര്‍ജിന്റെ മരണത്തില്‍ കെ. സുധാകരന്‍ ആളുമാറി അനുശോചനം നടത്തിയതിന് അദ്ദേഹത്തെ ട്രോളുന്നത് തികഞ്ഞ മനുഷ്യത്വരഹിതമായ നടപടിയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

പിശക് മനസിലാക്കിയ മാധ്യമപ്രവര്‍ത്തകര്‍ സുധാകരന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നറിഞ്ഞിട്ടും അഭിമുഖം കട്ടുചെയ്ത് ദുരന്തസാഹചര്യം ഒഴിവാക്കാതിരുന്നത് അങ്ങേയറ്റം നെറികേടായിപ്പോയെന്നും സുധാകരന്‍ പറഞ്ഞു. പ്രതിപക്ഷനേതാവ് വി. ഡി. സതീശന്‍ സുധാകരനോട് കാണിച്ചത് അതിലും വലിയ ക്രൂരതയാണെന്നും തന്റെ ഫേസ്ബുക്ക് പേജില്‍ സുധാകരന്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കെ. സുധാകരന്‍ 78 വയസ്സുള്ള ഒരു രാഷ്ട്രീയ നേതാവാണ്. ഒരു തരിമ്പുപോലും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് യോജിപ്പില്ല. ഈ അടുത്ത കാലത്തായി അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് അറിയാത്തവരല്ല മാധ്യമപ്രവര്‍ത്തകരാരും.

വിഖ്യാത ചലച്ചിത്രകാരന്‍ കെ. ജി. ജോര്‍ജ്ജിന്റെ മരണത്തില്‍ അനുശോചനം തേടി ഒരുപറ്റം ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തെ തേടിയെത്തി. ആരാണ് മരണപ്പെട്ടതെന്നുപോലും അറിയാതെ അദ്ദേഹത്തിനറിയാവുന്ന ഒരു രാഷ്ട്രീയപ്രവര്‍ത്തകനാണ് മരണപ്പെട്ടതെന്ന ബോധ്യത്തില്‍ ചിലതു പറഞ്ഞു.

അതിന്റെ പേരില്‍ അദ്ദേഹത്തെ ട്രോളുന്നത് തികഞ്ഞ മനുഷ്യത്വരഹിതമായ നടപടിയാണ്. പിശകു മനസ്സിലാക്കിയ മാധ്യമപ്രവര്‍ത്തകര്‍ അപ്പോള്‍ തന്നെ അഭിമുഖം കട്ടുചെയ്ത് ഈ ദുരന്തസാഹചര്യം ഒഴിവാക്കണമായിരുന്നു. അതുണ്ടായില്ലെന്നത് അങ്ങേയറ്റം നെറികേടായിപ്പോയി. മനുഷ്യസഹജമായ ഒരു പിഴവിനെ സൈബര്‍ കഴുകന്മാര്‍ക്ക് വേട്ടയാടാനായി പലയാവര്‍ത്തി പ്രദര്‍ശിപ്പിച്ച മാധ്യമപ്രവൃത്തി ഒരു തരത്തിലും യോജിക്കാനാവുന്നതല്ല.

അല്ലെങ്കില്‍ തന്നെ എന്തിനു മാധ്യമങ്ങളെ പഴിക്കണം അതിനേക്കാള്‍ വലിയ ക്രൂരതയാണല്ലോ പ്രതിപക്ഷനേതാവ് വി. ഡി. സതീശന്‍ സുധാകരനോട് കാണിച്ചത് അതും വലിയ വിജയം സമ്മാനിച്ച പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു ഫലം വന്ന ഉടനെത്തന്നെ. മനുഷ്യത്വമാണ് ഏതൊരു പൊതുപ്രവര്‍ത്തകനുമുണ്ടാവേണ്ട പ്രാഥമികനീതി. സുധാകരനോട് സത്യത്തില്‍ സഹാനുഭൂതി മാത്രമാണ് ഇതെല്ലാം കാണുന്ന ഏതൊരാള്‍ക്കും തോന്നുന്നത്. കടുത്ത രാഷ്ട്രീയ എതിരാളിയായ ഈയുള്ളവനുപോലും…

അതേസമയം, കെ.ജി. ജോര്‍ജിന്റെ മരണവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തെറ്റായി പ്രതികരിച്ചത് ചോദ്യം മനസിലാകാഞ്ഞിട്ടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞിരുന്നു. ആരാണ് മരണപ്പെട്ടതെന്ന് മാധ്യമപ്രവര്‍ത്തകര്‍ തന്നോട് കൃത്യമായി പറഞ്ഞില്ലെന്നും, അവരോട് അത് ചോദിച്ചറിയാതിരുന്നത് തന്റെ ഭാഗത്തുനിന്നു വന്ന വീഴ്ചയായി അംഗീകരിക്കുന്നുവെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ സുധാകരന്‍ പറഞ്ഞു.

Content Highlights: K Surendran criticizes media and VD Satheeshan over K Sudakaran’s mistake

We use cookies to give you the best possible experience. Learn more