| Saturday, 8th October 2022, 8:54 pm

ഇങ്ങനെ പോയാല്‍ പോരാളി ഷാജിക്കും അവാര്‍ഡ് കിട്ടും; വയലാര്‍ പുരസ്‌കാരത്തെ വിമര്‍ശിച്ച് കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട് : എസ്. ഹരീഷിന്റെ മീശ എന്ന നോവലിന് വയലാര്‍ പുരസ്‌കാരം ലഭിച്ചതില്‍ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇങ്ങനെ പോയാല്‍ പോരാളി ഷാജിക്കും അവാര്‍ഡ് കിട്ടുന്ന കാലം വിദൂരമല്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

അവാര്‍ഡുകള്‍ ഇഷ്ടക്കാര്‍ക്ക് നല്‍കുന്നത് കേരളത്തില്‍ പുതിയ കാര്യമല്ല. അവാര്‍ഡുകള്‍ ചിലരെ പരിഹസിക്കാനും ആക്ഷേപിക്കാനുമായി നല്‍കുന്നതാണ് കേരളത്തിന്റെ പുതിയ രീതിയെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

‘മീശ മഹത്തായ സൃഷ്ടിയാണെന്നും കേരളത്തില്‍ അത് വലിയ ചലനങ്ങളുണ്ടാക്കിയെന്നുമാണ് ജൂറിയുടെ കണ്ടുപിടുത്തം. സാറാ ജോസഫും ജെയിംസും രാമന്‍കുട്ടിയുമടങ്ങുന്ന അവാര്‍ഡ് നിര്‍ണയസമിതി ഇതിനുമുമ്പുള്ള വയലാര്‍ അവാര്‍ഡുകളും അവാര്‍ഡിനാധാരമായ കൃതികളും ഒരുവട്ടം ഓര്‍ക്കുന്നത് നല്ലതാണ്.

ലളിതാംബിക അന്തര്‍ജനം മുതല്‍ ബെന്യാമിന്‍ വരെയുള്ള അവാര്‍ഡ് ജേതാക്കക്കളുടെ നീളുന്ന പട്ടികയും കൃതികളും. തകഴിക്കും വൈലോപ്പിള്ളിക്കും ഒ.എന്‍.വിക്കും സുഗതകുമാരിക്കും എം.ടിക്കും അഴീക്കോടിനും കെ.സുരേന്ദ്രനും മാധവിക്കുട്ടിക്കും ടി.പത്മനാഭനും വിഷ്ണുനാരായണന്‍ നമ്പൂതിരിക്കും ലീലാവതിക്കുമടക്കം അവരവരുടെ ഉദാത്തമായ സൃഷ്ടികളെ അധികരിച്ചാണ് അവാര്‍ഡുകള്‍ നല്‍കിയത്.

ഹരീഷിനാവട്ടെ അദ്ദേഹത്തിന്റെ നിലപാടിന് ലഭിച്ച അവാര്‍ഡ് എന്നേ കരുതാനാവൂ. മീശ ഏത് മൂശയിലാണ് വാര്‍ത്തതെന്ന് മനസിലാക്കാനുള്ള വിവേകമൊക്കെ മലയാളിക്കുണ്ടെന്നേ പറയാനുള്ളൂ. ഇങ്ങനെ പോയാല്‍ പോരാളി ഷാജിക്കും അവാര്‍ഡുകിട്ടുന്ന കാലം വിദൂരമല്ല,’ സുരേന്ദ്രന്‍ പറഞ്ഞു.

46ാമത് വയലാര്‍ അവാര്‍ഡാണ് ഇത്തവണ പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

സമകാലീന മലയാള സാഹിത്യത്തില്‍ ശ്രദ്ധേയനായ ഹരീഷിന്റെ ആദ്യ നോവലാണ് അവാര്‍ഡിനര്‍ഹമായ മീശ. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച നോവല്‍ ഏറെ വിവാദമുണ്ടാക്കിയിരുന്നു.

രസവിദ്യയുടെ ചരിത്രം, ആദം, അപ്പന്‍ (കഥാസമാഹാരങ്ങള്‍), ആഗസ്റ്റ് 15 (നോവല്‍), ഗൊഗോളിന്റെ കഥകള്‍ (വിവര്‍ത്തനം) തുടങ്ങിയവയാണ് ഹരീഷിന്റെ മറ്റു കൃതികള്‍. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയുടെ ചലച്ചിത്രരൂപമാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് എന്ന സിനിമ. ഏദന്‍ എന്ന ചിത്രത്തിന് തിരക്കഥ എഴുതിയിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥ, നോവല്‍ പുരസ്‌കാരങ്ങള്‍, സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്മെന്റ്, തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരം, വി.പി. ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് എഴുത്തുകാരന്‍ ബെന്യാമിനായിരുന്നു.

CONTENT HIGHLIGHT: K. Surendran Criticized  S. Harish’s novel Meesha has been awarded by Vaylar award

We use cookies to give you the best possible experience. Learn more