തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മഞ്ചേശ്വരം കേസില്‍ പിണറായി സര്‍ക്കാര്‍ തനിക്ക് ഒരു ഔദാര്യവും നല്‍കിയിട്ടില്ലെന്നും നിരവധി തവണ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ശബ്ദപരിശോധന നടത്തിയെന്നും കേട്ടുകേള്‍വിയില്ലാത്തവിധം പീഡിപ്പിച്ചുവെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സുധാകരനെ കൊല്ലാന്‍ വാടക ഗുണ്ടകളെ അയച്ച സി.പി.ഐ.എം മഞ്ചേശ്വരത്ത് കോടികളുടെ സാമ്പത്തിക വെട്ടിപ്പ് നടത്തിയ കെ. സുരേന്ദ്രനെ മാറോട് ചേര്‍ത്തു വെച്ച് നിര്‍ത്തുകയാണെന്ന സതീശന്റെ പ്രസ്താവനക്കുള്ള മറുപടിയായാണ് സുരേന്ദ്രന്റെ പോസ്റ്റ്.
തനിക്കെതിരെ ഒരു തരത്തിലും ഒരു കോടതിയിലും നിലനില്‍ക്കാത്ത പട്ടികജാതി പട്ടിക വര്‍ഗ്ഗ പീഡനനിയമവും ഉള്‍പ്പെടുത്തി കാസര്‍ഗോഡ് കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
‘പ്രിയപ്പെട്ട വി. ഡി. സതീശന് നമസ്‌കാരം. താങ്കള്‍ ഇന്ന് പരാമര്‍ശിച്ച എനിക്കെതിരെയുള്ള മഞ്ചേശ്വരം കേസില്‍ എനിക്ക് ഒരു ഔദാര്യവും പിണറായി സര്‍ക്കാര്‍ നല്‍കിയിട്ടില്ല. എന്നെ നിരവധി തവണ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ശബ്ദപരിശോധന നടത്തി. കേട്ടുകേള്‍വിയില്ലാത്തവിധം പീഡിപ്പിച്ചു. അവസാനം ഒരു തരത്തിലും ഒരു കോടതിയിലും നിലനില്‍ക്കാത്ത പട്ടികജാതി പട്ടിക വര്‍ഗ്ഗ പീഡനനിയമവും ഉള്‍പ്പെടുത്തി കാസര്‍ഗോഡ് കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചു,’ അദ്ദേഹം പറഞ്ഞു.
പുനര്‍ജനി തട്ടിപ്പു കേസില്‍ എന്താണ് സംഭവിച്ചതെന്നും എല്ലാ തെളിവുകളും പിണറായിയുടെ കയ്യിലുണ്ടായിട്ടും ഒരു ദിവസമെങ്കിലും താങ്കളെ പൊലീസ് ചോദ്യം ചെയ്‌തോയെന്നും സുരേന്ദ്രന്‍ ചോദിച്ചു. പിണറായിയുടെ ഔദാര്യത്തിലല്ലേ താങ്കള്‍ ഇപ്പോഴും നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
‘താങ്കളുടെ പുനര്‍ജനി തട്ടിപ്പ് കേസില്‍ എന്താണ് സംഭവിച്ചത്? എല്ലാ തെളിവുകളും പിണറായിയുടെ കയ്യിലുണ്ടായിട്ടും ഒരു ദിവസമെങ്കിലും അങ്ങയെ പൊലീസ് ചോദ്യം ചെയ്‌തോ? അന്വേഷണം എവിടെയെത്തി? പിണറായിയുടെ ഔദാര്യത്തിലല്ലേ താങ്കള്‍ ഇപ്പോഴും നടക്കുന്നത്?
ചെന്നിത്തലയെ മൂലക്കിരുത്തി പിണറായി വിജയനുമായി ഒത്തുതീര്‍പ്പുണ്ടാക്കി അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിക്കുന്ന താങ്കള്‍ ഒരു കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. പൂച്ച കണ്ണടച്ച് പാലു കുടിക്കുമ്പോള്‍ ആരും കാണുന്നില്ലെന്ന് പൂച്ച മാത്രമേ കരുതുന്നുള്ളൂ,’ സുരേന്ദ്രന്‍ പറഞ്ഞു.
Content Highlight: K Surendran criticise VD Satheeshan