|

സംസ്ഥാന അധ്യക്ഷനായി സുരേന്ദ്രന്‍ തുടരും; പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന് പ്രഭാരിമാര്‍ കേരളത്തിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ. സുരേന്ദ്രന്‍ തുടര്‍ന്നേക്കും. ഡിസംബറില്‍ സുരേന്ദ്രന്റെ കാലാവധി തീരുമെങ്കിലും നീട്ടി നല്‍കാനാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെയും, ആര്‍.എസ്.എസ് നേതൃത്വത്തിന്റെയും ഇപ്പോഴത്തെ ആലോചന.

ദേശീയ അധ്യക്ഷ പദത്തിലുള്ള ജെ.പി. നദ്ദയുടെ കാലാവധി ഡിസംബറില്‍ പൂര്‍ത്തിയാവും. കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയില്‍ അദ്ദേഹം കേന്ദ്രമന്ത്രിയായേക്കും. ദേശീയ അധ്യക്ഷന്‍ മാറുകയാണെങ്കില്‍ ഒപ്പം കാലാവധി തീരുന്ന സംസ്ഥാന അധ്യക്ഷന്‍മാരും മാറുന്നതാണ് ബി.ജെ.പി ശൈലി.

കൊവിഡ് മൂലം രണ്ട് വര്‍ഷം പ്രവര്‍ത്തിക്കാനായില്ലെന്നതിന്റെ പേരില്‍ നദ്ദയുടെ കാലാവധി നീട്ടാനുള്ള സാധ്യത കൂടുതലാണ്. ഇതേ പരിഗണനയിലാണ് സുരേന്ദ്രന്റെ കാലാവധിയും നീട്ടുന്നത്.

മികച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രകാശ് ജാവദേക്കറെയാണ് കേരളത്തിന്റെ പുതിയ പ്രഭാരിയായി ബി.ജെ.പി നേതൃത്വം ചുമതലപ്പെടുത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള നേതാവ് ഡോ. രാം മോഹന്‍ദാസ് അഗര്‍വാളാണ് സഹപ്രഭാരി.

ജെ.പി. നദ്ദയും, ജാവദേക്കറും ഈ മാസം 25നും 26നും കേരളത്തിലുണ്ടാകും. കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനെ കുറിച്ചുള്ള ഇടപെടലുകള്‍ നടത്തുന്നതിന് വേണ്ടിയാണ് ഇരുനേതാക്കളും കേരളത്തിലെത്തുന്നത്.

അതേസമയം, ആരോപണങ്ങള്‍ നേരിടുന്ന സുരേന്ദ്രനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എതിര്‍ വിഭാഗം സമ്മര്‍ദം ശക്തമാക്കിയിരുന്നു. അധ്യക്ഷനായി സുരേഷ് ഗോപിയെ കൊണ്ടുവരണമെന്ന് താല്‍പര്യമുള്ളവരും പാര്‍ട്ടിയിലുണ്ട്. എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍ വിഭാഗങ്ങളും അവകാശവാദങ്ങളുമായി രംഗത്തുണ്ട്. സംസ്ഥാന നേതൃത്വം എന്ത് ആഗ്രഹിച്ചാലും അന്തിമ തീരുമാനം കേന്ദ്രത്തിന്റേതാണ്.

വി. മുരളീധരന്‍ മുതല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തെത്തിയവരെയെല്ലാം കേന്ദ്ര നേതൃത്വം നാമനിര്‍ദേശം ചെയ്യുകയായിരുന്നു. വി. മുരളീധരന്‍ തുടര്‍ച്ചയായി രണ്ട് തവണ പ്രസിഡന്റായി. പിന്നീടുവന്ന പി.എസ്. ശ്രീധരന്‍പിള്ളയും കുമ്മനം രാജശേഖരനും നാമനിര്‍ദേശത്തിലൂടെ പ്രസിഡന്റായവരാണ്. വി. മുരളീധരനുശേഷം ആരും തുടര്‍ച്ചയായി അധ്യക്ഷ പദവിയില്‍ ഇരുന്നിട്ടില്ല.

കൊടകര കുഴല്‍പ്പണക്കേസും സി.കെ. ജാനുവിന് പണം നല്‍കിയതുമായി ബന്ധപ്പെട്ട വിവാദവുമെല്ലാം സുരേന്ദ്രനെതിരെ എതിര്‍പക്ഷം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ സുരേന്ദ്രനുണ്ടെന്ന് അനുകൂലികള്‍ പറയുന്നു. കൊടകര കുഴല്‍പ്പണക്കേസ് പൊതുജനമധ്യത്തില്‍ ചര്‍ച്ചയാക്കിയതിന് പിന്നില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗമാണെന്നാണ് അവരുടെ ആരോപണം.

എന്നാല്‍, സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് യോജിപ്പോടെ ഒരാളെ കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ കെ.സുരേന്ദ്രനെ എതിര്‍ക്കുന്നവര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ കഴിയില്ല.

നിലവില്‍ സംസ്ഥാനത്ത് ഓരോ നേതാക്കളും ഓരോ ഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുന്ന രീതിയാണ്. തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിയാത്തതിനാല്‍ കേന്ദ്ര നേതൃത്വമാകട്ടെ കേരളത്തിലെ കാര്യങ്ങളില്‍ വലിയ താല്‍പര്യവും എടുക്കുന്നില്ല. പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ പതിവ് പേരുകള്‍ക്കു ചുറ്റുമാണ് ഗ്രൂപ്പുകള്‍ അവകാശവാദങ്ങളുമായി കറങ്ങുന്നത്.

Content Highlight: K Surendran continue as BJP State President