| Friday, 5th February 2021, 11:45 am

പി.എസ്.സി എന്നാല്‍ പെണ്ണുമ്പിള്ള സര്‍വീസ് കമ്മീഷന്‍ ; സത്രീവിരുദ്ധ പരാമര്‍ശവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: പി.എസ്.സി നിയമനക്രമക്കേടുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനത്തില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

പി.എസ്.സി എന്നാല്‍ പെണ്ണുമ്പിള്ള സര്‍വീസ് കമ്മീഷന്‍ ആയെന്നായിരുന്നു കെ. സുരേന്ദ്രന്റെ പരാമര്‍ശം. എം.ബി രാജേഷ് എം.എല്‍.എല്‍യുടെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു സുരേന്ദ്രന്റെ ഇത്തരത്തിലുള്ള പ്രതികരണം.

താത്കാലിക ജീവനക്കാരെ ജോലികളില്‍ സ്ഥിരപ്പെടുത്താന്‍ പിണറായി സര്‍ക്കാര്‍ ഗൂഢനീക്കം നടത്തുകയാണെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു. സര്‍ക്കാര്‍ പി.എസ്.സിയെ നോക്കുകുത്തിയാക്കുന്നെന്നും ഇത് അപകടകരമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തൊഴിലില്ലാത്ത ചെറുപ്പക്കാരെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണ്. സി.പി.ഐ.എമ്മിന്റെ യുവ നേതാക്കളുടെ ഭാര്യമാരെയെല്ലാം ജോലികളില്‍ സ്ഥിരപ്പെടുത്തുന്നു. പി.എസ്.സി എന്നാല്‍ പെണ്ണുമ്പിള്ള സര്‍വീസ് കമ്മീഷന്‍ ആയി.

കാലടി സര്‍വ്വകലാശാലയില്‍ നടന്നത് ചട്ടലംലനമാണ്. നേതാക്കളുടെ ഭാര്യമാര്‍ക്ക് മാത്രം മതിയോ ജോലി. രാജേഷിന് കുറച്ചെങ്കിലും മര്യാദ വേണ്ടേ. ജാതിയും മതവുമില്ലെന്ന് പറയും. പക്ഷെ ജോലിക്കാര്യത്തില്‍ ഇത് ബാധകമല്ല.

സമരം ചെയ്ത് സര്‍ക്കാരിനെ അധികാരത്തിലെത്തിച്ചത് സ്വന്തം ഭാര്യയുടെ കാര്യം നോക്കാനാണോ. വഴിവിട്ട നിയമനത്തിനെതിരെ ബി.ജെ.പി ശക്തമായ പ്രക്ഷോഭം നടത്തും. നിയമനടപടിയെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കാലടി സര്‍വകലാശാലയിലെ മലയാളം വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി എം.ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയ്ക്ക് നിയമനം നല്‍കിയതിനെതിരെ ഇന്റര്‍വ്യൂ ബോര്‍ഡിലെ മൂന്ന് വിഷയ വിദഗ്ധര്‍ വി.സിക്കും രജിസ്ട്രാര്‍ക്കും കത്ത് നല്‍കിയിരുന്നു. നിനിതയേക്കാള്‍ യോഗ്യതയുള്ളവരുണ്ടായിട്ടും അവരെയെല്ലാം തഴഞ്ഞാണ് നിനിതയ്ക്ക് നിയമനം നല്‍കിയെന്നാണ് ആരോപണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K Surendran Comment on PSC

We use cookies to give you the best possible experience. Learn more