'ജയിലില്‍ കിടക്കുമ്പോള്‍ ഒരു ആശങ്ക മാത്രമേ ഉണ്ടായിരുന്നുള്ളൂ' ; പ്രതികരണവുമായി സുരേന്ദ്രന്‍
Kerala News
'ജയിലില്‍ കിടക്കുമ്പോള്‍ ഒരു ആശങ്ക മാത്രമേ ഉണ്ടായിരുന്നുള്ളൂ' ; പ്രതികരണവുമായി സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th December 2018, 11:04 am

തിരുവനന്തപുരം: ശബരിമലയില്‍ 52 വയസുകാരിയായ സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ജയില്‍ മോചിതനായി.

ഒരു തരത്തിലുള്ള നിയമലംഘനവും നടത്തിയിട്ടില്ലെന്നും തികച്ചും സമാധാനപരമായുള്ള പ്രക്ഷോഭമാണ് നടത്തിയതെന്നും തുടര്‍ന്നും ശബരിമലയെ തകര്‍ക്കാനുള്ള നീങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബി.ജെ.പി പ്രവര്‍ത്തകനെന്ന നിലയില്‍ പാര്‍ട്ടി നിശ്ചയിച്ചിട്ടുള്ള ഏത് പ്രക്ഷോഭ പരിപാടിയിലും പങ്കെടുക്കും. സമരത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ തീരുമാനിച്ചിട്ടില്ല.


അഞ്ച് സംസ്ഥാനങ്ങളിലും ബി.ജെ.പിയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടിയെന്ന് പോള്‍ ഓഫ് എക്‌സിറ്റ് പോളും; കണക്കുകള്‍ ഇങ്ങനെ


പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ വിശ്വാസികളെ അണിനിരത്തിയുള്ള പോരാട്ടം തുടരും. ഒരു കുറ്റബോധവും ഇല്ല. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല. ജയിലില്‍ കിടന്ന സമയങ്ങളില്‍ ഒറ്റ ആശങ്ക മാത്രമേ ഉണ്ടായിരുന്നുള്ളൂ, അത് അവിശ്വാസികള്‍ ശബരിമലയില്‍ ആചാര ലംഘനം നടത്തുമോ എന്നതായിരുന്നു. എന്നാല്‍ അയ്യപ്പന്റെ അനുഗ്രഹത്തില്‍ അത് ഉണ്ടായില്ല.

പിണറായി വിജയനോട് നന്ദി മാത്രമേയുള്ളു. വിശ്വാസി സമൂഹത്തെ എങ്ങനെയാണ് ഒരു സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാന്‍ ഈ സര്‍ക്കാരിനായി. വിശ്വാസികള്‍ക്കെതിരെ നിയമപരമായ നടപടി, മൂന്നാംമുറ ഇതെല്ലാം അയ്യപ്പവിശ്വാസികളും ലോകവും കണ്ടു. ഏറ്റവും പ്രതിലോമകരമായ നിലപാടാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ സ്വീകരിച്ചത്.

സമരം ശക്തമായിതുടരും. ബി.ജെ.പി പ്രവര്‍ത്തകര്‍ ആരും ഒരു കുറ്റവും ചെയ്തിട്ടില്ല. ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.