| Friday, 5th June 2020, 10:06 pm

മലപ്പുറം എന്ന പേര് കേള്‍ക്കുമ്പോഴേക്കും കേരളത്തിന്റെ സ്വത്വത്തിന് മുറിവേല്‍ക്കുമോ; മനേക ഗാന്ധിക്കെതിരെ കേസെടുക്കുന്നത് സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണനമെന്നും കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മലപ്പുറം ജില്ലയ്ക്ക് എതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ മനേക ഗാന്ധിക്കെതിരെ കേസെടുത്തിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേസെടുക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം വര്‍ഗീയ പ്രീണനമാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

ജില്ലയുടെ പേര് മാറിപ്പോയതിന്റെ പേരില്‍ മുന്‍ കേന്ദ്ര മന്ത്രിക്കെതിരെ കേസെടുക്കുന്നത് ലോകം മുഴുവന്‍ ഞെട്ടിത്തരിച്ച ക്രൂരതയെ വഴിതിരിച്ചു വിട്ട് വിഷയം മാറ്റാനാണെന്നാണ് സുരേന്ദ്രന്‍ പറയുന്നത്.

ദേശീയ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മേനകാ ഗാന്ധി മലപ്പുറം എന്ന് പറഞ്ഞത്. മതതീവ്രവാദികളും ലെഫ്റ്റ് ലിബറലുകളും കേരളത്തില്‍ പരക്കെ നടത്തുന്ന വിദ്വേഷപ്രചരണങ്ങളില്‍ കേസെടുക്കാത്ത പൊലീസാണ് ജില്ലയുടെ പേര് മാറിയതിന്റെ പേരില്‍ മുന്‍ കേന്ദ്ര മന്ത്രിക്കെതിരെ കേസെടുക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ ഇരട്ടമുഖമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. മലപ്പുറം എന്ന പേര് കേള്‍ക്കുമ്പോഴേക്കും കേരളത്തിന്റെ സ്വത്വത്തിന് മുറിവേല്‍ക്കുന്നുവെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും സുരേന്ദ്രന്‍ ചോദിച്ചു.

മനേക ഗാന്ധിയ്ക്കെതിരെ മലപ്പുറം പൊലീസാണ് കേസെടുത്തത്. മനേകയ്ക്കെതിരെ ആറ് പരാതികള്‍ ലഭിച്ചെന്ന് മലപ്പുറം എസ്.പി പറഞ്ഞു. എല്ലാ പരാതികളും സമാനസ്വഭാവമുള്ളതായതിനാല്‍ ഒറ്റ എഫ്.ഐ.ആറാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഐ.പി.സി 153 ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ ഗര്‍ഭിണിയായ ആന സ്ഫോടക വസ്തു നിറച്ച് പൈനാപ്പിള്‍ കഴിച്ച് ചരിഞ്ഞ സംഭവത്തില്‍ ബി.ജെ.പി എം.പി മനേക ഗാന്ധി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. മലപ്പുറം അതിന്റെ തീവ്ര അക്രമപ്രവര്‍ത്തനങ്ങളില്‍, പ്രത്യേകിച്ച് മൃഗങ്ങളെ ആക്രമിക്കുന്നതില്‍ പ്രശസ്തമാണെന്നാണ് മനേക ട്വീറ്റ് ചെയ്തത്.

കേരളത്തിലെ ക്ഷേത്രങ്ങളില്‍ 600 ലേറെ ആനകള്‍ കൊല്ലപ്പെട്ടതായും വനം വകുപ്പിനോട് ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാറുണ്ടെന്നും മനേക കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more