| Wednesday, 24th June 2020, 5:30 pm

വാരിയംകുന്നന്‍ സിനിമ ചര്‍ച്ചയാവുന്നതിന് പിന്നില്‍ എ.കെ.ജി സെന്റര്‍; ആഷിഖിന്റെയും റിമയുടെയും ഉദ്ദേശം എല്ലാവര്‍ക്കും അറിയാമെന്നും കെ.സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വാരിയംകുന്നന്‍ ചര്‍ച്ചയാവുന്നതിന് പിന്നില്‍ എ.കെ.ജി സെന്ററിന്റെ ഗൂഢാലോചനയാണെന്ന്ന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മുസ്‌ലിം വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണ് വാരിയന്‍ കുന്നത്ത് സിനിമ ചര്‍ച്ചയാക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

പി.എസ്.സി ആസ്ഥാനത്ത് യുവമോര്‍ച്ച് നടത്തുന്ന നിരാഹാര സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും ഉദ്ദേശം എല്ലാവര്‍ക്കും അറിയാമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

പ്രവാസികളുമായി ബന്ധപ്പെട്ട ചര്‍ച്ചകളെ വഴിമാറ്റാനാണ് സി.പി.ഐ.എം വാരിയന്‍കുന്നന്റെ ചര്‍ച്ചയിലൂടെ ശ്രമിക്കുന്നതെന്നും ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമയുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

തിങ്കളാഴ്ചയാണ് ആഷിഖ് അബു തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു.

ചിത്രത്തില്‍ നിന്ന് പൃഥ്വി പിന്മാറണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സൈബര്‍ ആക്രമണം നടക്കുന്നത്. പൃഥ്വിയുടെ അമ്മയെ അധിക്ഷേപിക്കുന്ന തരത്തിലടക്കം പരമര്‍ശങ്ങളാണ് സൈബര്‍ ഇടത്തില്‍ സംഘ് പ്രൊഫൈലുകളില്‍ നിന്ന് എത്തുന്നത്. അംബിക, ബി രാധാകൃഷ്ണ മേനോന്‍, അലി അക്ബര്‍ തുടങ്ങിയവരും പൃഥ്വിക്ക് എതിരെ രംഗത്ത് എത്തിയിട്ടുണ്ട്.

‘ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് മലയാള രാജ്യം എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ചിത്രീകരണം ആരംഭിക്കുന്നു’ എന്ന നടന്‍ പൃഥ്വിരാജിന്റെ പോസ്റ്റ് സ്‌ക്രീന്‍ ഷോട്ട് ചെയ്ത് പൃഥ്വിയുടെ അമ്മയെ അപമാനിക്കുന്ന കമന്റായിരുന്നു ഒരു ലക്ഷണത്തിനടുത്ത് ആളുകള്‍ ഫോളോ ചെയ്യുന്ന അംബികാ ജെ.കെ നടത്തിയത്. ഈ നടപടിക്കെതിരെ വലിയ വിമര്‍ശനവും അവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more