| Friday, 24th September 2021, 4:32 pm

മൂന്നുവര്‍ഷം കഴിഞ്ഞും പ്രസിഡന്റ് സ്ഥാനത്ത് തുടരാം; അധ്യക്ഷസ്ഥാനം തെറിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടെ സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയേക്കുമെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കെ. സുരേന്ദ്രന്‍. അധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ മാറ്റുമെന്നത് മാധ്യമങ്ങളുടെ ഭാവനാസൃഷ്ടിയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

മൂന്നുവര്‍ഷത്തെ കാലാവധി കഴിഞ്ഞും തുടരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടേയും കുഴല്‍-കള്ളപ്പണ ഇടപാടുകളുടേയും പശ്ചാത്തലത്തില്‍ പ്രതിക്കൂട്ടിലായ സുരേന്ദ്രനെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്റെ രണ്ട് മണ്ഡലങ്ങളിലെ മത്സരവും ഹെലികോപ്ടറും 35 സീറ്റ് കിട്ടിയാല്‍ ഭരിക്കുമെന്ന പ്രസ്താവനയുമെല്ലാം തിരിച്ചടിയായെന്ന് പാര്‍ട്ടിക്കുള്ളില്‍ വിലയിരുത്തലുമുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് സുരേന്ദ്രനെ മാറ്റിയേക്കുമെന്ന വാര്‍ത്തകള്‍ വന്നത്. രണ്ട് വര്‍ഷം മുന്‍പാണ് സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്.

മൂന്ന് വര്‍ഷമാണ് അധ്യക്ഷന്‍മാരുടെ കാലാവധി. ഇതിന് മുന്‍പ് കുമ്മനം രാജശേഖരനും പി.എസ്. ശ്രീധരന്‍പിള്ളയും അധ്യക്ഷന്‍മാരായപ്പോഴും കാലാവധി പൂര്‍ത്തിയാക്കാനായിരുന്നില്ല.

കേരളത്തില്‍ ബി.ജെ.പിയുടെ പ്രകടനത്തില്‍ ദേശീയ നേതൃത്വം അതൃപ്തരാണ്. ഇത്തവണ ബി.ജെ.പിക്ക് ഉണ്ടായിരുന്ന ഒരു സീറ്റും പോയി 2% വോട്ടു കുറഞ്ഞു.

പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപി, വത്സന്‍ തില്ലങ്കേരി, എം.ടി. രമേശ് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: K Surendran BJP President Kerala Election 2021

We use cookies to give you the best possible experience. Learn more