പ്രസീതയെ വിളിച്ചില്ലെന്ന് പറയുന്നില്ല, പക്ഷെ അത് എന്റെ ശബ്ദമല്ല; പ്രതിരോധത്തിലായതോടെ ഉരുണ്ടുകളിച്ച് സുരേന്ദ്രന്‍
Kerala News
പ്രസീതയെ വിളിച്ചില്ലെന്ന് പറയുന്നില്ല, പക്ഷെ അത് എന്റെ ശബ്ദമല്ല; പ്രതിരോധത്തിലായതോടെ ഉരുണ്ടുകളിച്ച് സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd June 2021, 4:33 pm

കോഴിക്കോട്: സി.കെ ജാനുവിന് പണം നല്‍കാമെന്ന് പറഞ്ഞ് ജെ.ആര്‍.പി നേതാവ് പ്രസീതയുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായതോടെ ഉരുണ്ടുകളിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

പ്രസീതയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് സമ്മതിക്കുന്ന സുരേന്ദ്രന്‍ എന്നാല്‍ അത് തന്റെ ശബ്ദമല്ലെന്നും ശബ്ദരേഖ പൂര്‍ണ്ണമല്ലെന്നുമാണ് പറയുന്നത്.

‘ഓഡിയോ ക്ലിപ്പിന്റെ മുഴുവന്‍ ഭാഗങ്ങളും പുറത്തുവിട്ടാലെ കാര്യങ്ങള്‍ വ്യക്തമാകൂ. ഓഡിയോ ക്ലിപ്പില്‍ കൃത്രിമം നടന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് പലരും വിളിച്ചിട്ടുണ്ടാകാം. ആ സംഭാഷണം മുഴുവന്‍ ഓര്‍ത്തുവെക്കാനാവില്ല,’ സുരേന്ദ്രന്‍ പറഞ്ഞു.

പ്രസീത തന്നെ വിളിച്ചിട്ടില്ലെന്ന് പറയുന്നില്ലെന്നും പക്ഷേ ഓഡിയോയില്‍ നിന്ന് ആവശ്യമുള്ള കാര്യങ്ങള്‍ ഒഴിവാക്കാനാകുമെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു.

സി.കെ ജാനു അവരുടെ ആവശ്യത്തിനായി പണം ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ ആക്രമിക്കാമെന്നും എന്നാല്‍ ജാനുവിനെ ആക്ഷേപിക്കരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ആദിവാസി നേതാവായത് കൊണ്ടാണോ ജാനുവിനെ അവഹേളിക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

‘സ്വര്‍ണക്കടത്ത് കേസില്‍ ഉണ്ടായത് പോലെ ആര്‍ക്കും നെഞ്ചു വേദനയുണ്ടാകുകയോ, കൊവിഡ് പോസിറ്റീവ് ആകുകയോ ചെയ്തിട്ടില്ല. കേസുമായി ബന്ധമില്ലെന്ന് നൂറു ശതമാനം ഉറപ്പുള്ളതുകൊണ്ട് പൊലീസുമായി സഹകരിക്കും. മാധ്യമങ്ങളും സി.പി.ഐ.എമ്മും കള്ളം പറഞ്ഞ് ശൂന്യതയില്‍ നിന്ന് കഥയുണ്ടാക്കുകയാണ്.’ സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും എന്‍.ഡി.എയുടെ ഭാഗമാവുന്നതിനുമായി 10 ലക്ഷം രൂപ സി.കെ ജാനുവിന് കെ. സുരേന്ദ്രന്‍ നല്‍കിയെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രസീതയായായിരുന്നു വെളിപ്പെടുത്തിയത്.

കൊടകര കുഴല്‍പ്പണ കേസിന് പുറമെ സി. കെ ജാനുവിന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ 10 ലക്ഷം രൂപ നല്‍കി എന്നതുള്‍പ്പെടയുള്ള പണമിടപാട് കേസുകളും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: K Surendran BJP Praseetha CK Janu Kerala Election 2021