കോഴിക്കോട്: എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയാകാന്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി.കെ. ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ഒരു ശബ്ദരേഖ കൂടി പുറത്ത്. ജാനുവിന് പണം നല്‍കിയത് ആര്‍.എസ്.എസ്. അറിവോടെയാണെന്ന് സുരേന്ദ്രന്‍ പറയുന്ന ടെലിഫോണ്‍ സംഭാഷണമാണ് പുറത്തായത്.
സുരേന്ദ്രനും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ ട്രഷറര്‍ പ്രസീത അഴീക്കോടും തമ്മിലുള്ള സംഭാഷണമാണ് പുറത്തായത്. മാര്‍ച്ച് 25 നാണ് സുരേന്ദ്രന്‍ പ്രസീതയെ വിളിച്ചത്.
അതേസമയം സി.കെ. ജാനുവിന് ബി.ജെ.പി. 25 ലക്ഷം രൂപ കൂടി നല്‍കിയെന്ന് പ്രസീത പറഞ്ഞിരുന്നു.
’25 ലക്ഷം നല്‍കുന്ന കാര്യം കെ. സുരേന്ദ്രന്‍ തന്നോട് പറഞ്ഞിരുന്നു. എവിടെ വച്ച് ആരു പണം കൈമാറി എന്ന് അറിയാമെങ്കിലും ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. അന്വേഷണത്തെ ബാധിക്കുന്നതിനാലാണ് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താത്തത്,’ പ്രസീത പറഞ്ഞു.
അതേസമയം കെ. സുരേന്ദ്രനെതിരെ സുല്‍ത്താന്‍ ബത്തേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൈക്കൂലി വാങ്ങിയെന്ന കുറ്റത്തിന് സി.കെ. ജാനുവിനെയും പ്രതിയാക്കിയാണ് കേസെടുത്തത്.
സി.കെ. ജാനുവിനെ എന്‍.ഡി.എയിലെത്തിക്കാനും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാനും രണ്ടു തവണയായി 50 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസിനാസ്പദമായ പരാതി. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസായിരുന്നു പരാതി നല്‍കിയിരുന്നത്.
എന്‍.ഡി.എയില്‍ തിരിച്ചെത്തുന്നതിനായി സി.കെ. ജാനുവിന് സുരേന്ദ്രന്‍ പണം നല്‍കിയെന്ന് പ്രസീത അഴീക്കോട് വെളിപ്പെടുത്തിയതോടെയാണ് വിഷയത്തിലെ വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്. 10 കോടി രൂപയാണു സി.കെ. ജാനു ചോദിച്ചതെന്നും ഇതിന്റെ ആദ്യ ഗഡുവായിട്ടാണു പത്ത് ലക്ഷം രൂപ നല്‍കിയതെന്നും പ്രസീത വെളിപ്പെടുത്തിയിരുന്നു.
കെ. സുരേന്ദ്രന്‍ പ്രസീതയോടും, അദ്ദേഹത്തിന്റെ സെക്രട്ടറി സി.കെ. ജാനുവിനോടും സംസാരിച്ചെന്ന് കരുതപ്പെടുന്ന ഫോണ്‍ സംഭാഷണങ്ങളും പ്രസീത പുറത്ത് വിട്ടിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: K Surendran BJP Praseetha CK Janu Election Bond