| Sunday, 15th August 2021, 8:36 pm

ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയ സുരേന്ദ്രനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയ സംഭവത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസ്. ദേശീയതയെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്ന കാരണത്താലാണ് സുരേന്ദ്രനും കണ്ടാലറിയുന്ന ഏതാനും പേര്‍ക്കുമെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് കെ. സുരേന്ദ്രന്‍ തെറ്റായ രീതിയില്‍ പതാക ഉയര്‍ത്തിയത്. ആദ്യം തലതിരിച്ച് പതാക ഉയര്‍ത്തുകയായിരുന്നു. പിന്നീട് ശരിയായ വിധത്തില്‍ ഉയര്‍ത്തി.

ദേശീയ പതാകയെ അപമാനിച്ചുവെന്ന് കാണിച്ച് ലഭിച്ച പരാതിയിലാണ് സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു.

തിരുവനന്തപുരത്തെ മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങിലാണ് സുരേന്ദ്രന്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയത്. പതാക ഉയര്‍ത്തുന്ന സമയത്ത് പ്രവര്‍ത്തകര്‍ ഭാരത് മാതാ കീ ജയ് വിളിക്കുന്നുണ്ടായിരുന്നു.

ഇതിനിടെ പതാക പകുതി ഉയര്‍ത്തിയപ്പോഴാണ് നേതാക്കള്‍ക്ക് തെറ്റ് മനസിലായത്. കുങ്കുമ നിറത്തിന് പകരം പച്ച നിറമായിരുന്നു മുകളില്‍ വന്നത്.

തുടര്‍ന്ന് കൊടി തിരികെയിറക്കുകയും വീണ്ടും ഉയര്‍ത്തുകയും ചെയ്തു.

പതാക ഉയര്‍ത്തിയപ്പോള്‍ കയര്‍ കുരുങ്ങിയതാണെന്നും അതുകൊണ്ട് സംഭവിച്ച പിഴവാണെന്നുമാണ് ബി.ജെ.പിയുടെ വിശദീകരണം.

കെ. സുരേന്ദ്രന് പുറമെ മുന്‍ എം.എല്‍.എ ഒ. രാജഗോപാല്‍ അടക്കമുള്ളവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: K Surendran BJP National Anthem

We use cookies to give you the best possible experience. Learn more