തിരുവനന്തപുരം: ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയ സംഭവത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസ്. ദേശീയതയെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്ന കാരണത്താലാണ് സുരേന്ദ്രനും കണ്ടാലറിയുന്ന ഏതാനും പേര്‍ക്കുമെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് കെ. സുരേന്ദ്രന്‍ തെറ്റായ രീതിയില്‍ പതാക ഉയര്‍ത്തിയത്. ആദ്യം തലതിരിച്ച് പതാക ഉയര്‍ത്തുകയായിരുന്നു. പിന്നീട് ശരിയായ വിധത്തില്‍ ഉയര്‍ത്തി.
ദേശീയ പതാകയെ അപമാനിച്ചുവെന്ന് കാണിച്ച് ലഭിച്ച പരാതിയിലാണ് സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു.
തിരുവനന്തപുരത്തെ മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങിലാണ് സുരേന്ദ്രന്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയത്. പതാക ഉയര്‍ത്തുന്ന സമയത്ത് പ്രവര്‍ത്തകര്‍ ഭാരത് മാതാ കീ ജയ് വിളിക്കുന്നുണ്ടായിരുന്നു.