തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചത് തിരിച്ചടിയായെന്ന് പാര്‍ട്ടി നിയോഗിച്ച വസ്തുതാന്വേഷണ സംഘം. തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് വസ്തുതാന്വേഷണ സംഘം തെളിവെടുപ്പ് പൂര്‍ത്തിയാക്കി.
സംസ്ഥാന അധ്യക്ഷന്‍ രണ്ടിടത്ത് മത്സരിച്ചത് പരിഹാസ്യമായെന്നാണ് കീഴ്ഘടകങ്ങള്‍ അന്വേഷണ സംഘത്തോട് പറയുന്നത്. കോന്നി, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് സുരേന്ദ്രന്‍ മത്സരിച്ചിരുന്നത്.
തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ജില്ലകള്‍ തോറും യോഗങ്ങള്‍ വിളിച്ചു കൂട്ടിയ സമിതിക്ക് മുന്‍പാകെ വിമര്‍ശന കൂമ്പാരമാണുണ്ടായത്. മതിയായ മുന്നൊരുക്കം നടത്തുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്ന് കീഴ്ഘടകങ്ങള്‍ പരാതിപ്പെട്ടതായി സമിതി റിപ്പോര്‍ട്ടില്‍ ഉണ്ട്.
2016ലേത് പോലെ സംഘപരിവാര്‍ ഏകോപനം ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഉണ്ടായില്ല. സുപ്രധാന മണ്ഡലങ്ങളില്‍ പോലും സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ ശ്രമമുണ്ടായെന്നും വസ്തുതാന്വേഷണ സംഘത്തിന് പരാതി ലഭിച്ചു.
താഴെത്തട്ടില്‍ നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ടാണ് സമിതി തയ്യാറാക്കിയിട്ടുള്ളത്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് കീഴ്ഘടകങ്ങളില്‍ നിന്നുണ്ടായതെന്നാണ് വിവരം.
തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തതില്‍ നേതൃത്വത്തിന് പക്വതക്കുറവുണ്ടായതായും കീഴ്ഘടകങ്ങള്‍ വിമര്‍ശിച്ചു. ഇതിനിടെ ബി.ഡി.ജെ.എസ് പ്രാദേശിക നേതാക്കള്‍ പരസ്യമായി ഇടത് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്നും കീഴ്ഘടകങ്ങള്‍ പരാതിപ്പെട്ടിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 140 മണ്ഡലങ്ങളില്‍ 99 സീറ്റില്‍ വിജയിച്ചാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ഭരണം ഉറപ്പാക്കിയത്. ബാക്കിയുള്ള 41 സീറ്റില്‍ യു.ഡി.എഫ് ജയിച്ചു. സിറ്റിംഗ് സീറ്റായ നേമം പോലും കൈവിട്ട എന്‍.ഡി.എയ്ക്ക് സംസ്ഥാനത്ത് ഒരു സീറ്റ് പോലും നേടാനായില്ല.
കോന്നി, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് സുരേന്ദ്രന്‍ മത്സരിച്ചിരുന്നത്.