| Sunday, 3rd November 2024, 9:19 am

കെ. സുരേന്ദ്രനും ശോഭാ സുരേന്ദ്രനും ഉന്നയിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍: തിരൂര്‍ സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ തനിക്കെതിരായുള്ള ആരോപണങ്ങളില്‍ പ്രതികരിച്ച് തിരൂര്‍ സതീശന്‍. കുഴല്‍പ്പണ കേസില്‍ ധര്‍മരാജന്‍ ബന്ധപ്പെട്ടത് കെ. സുരേന്ദ്രനെയും അദ്ദേഹത്തിന്റെ മകനെയും ആണെന്നും ശോഭാ സുരേന്ദ്രന്‍ തനിക്കെതിരെ നടത്തിയ ആരോപണങ്ങളില്‍ സഹതാപം തോന്നുന്നുവെന്നും സതീശന്‍ പറഞ്ഞു.

കള്ളപ്പണക്കാരനുമായി ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന് എന്ത് ബന്ധമാണുള്ളതെന്നും പാര്‍ട്ടിയില്‍ നടക്കുന്ന തെണ്ടിത്തരങ്ങള്‍ക്കൊന്നും തനിക്ക് കൂട്ടുനില്‍ക്കാന്‍ കഴിയില്ലെന്നും സതീശന്‍ പറഞ്ഞു.

വയനാട് എസ്റ്റേറ്റില്‍ നിന്നും സുരേന്ദ്രനെ പുറത്താക്കിയതിന് പിന്നില്‍ നടന്ന കാര്യങ്ങളൊക്ക കേരളത്തിന് മുഴുവന്‍ അറിയാം. താന്‍ എന്തെങ്കിലും പറയുന്നുവെന്ന കെ.സുരേന്ദ്രന്റെ ധാരണ അത് കൊണ്ടാണെന്നും സതീശന്‍ പറഞ്ഞു.

ബി.ജെ.പിക്ക് വേണ്ടിയാണ് താന്‍ ജില്ലാ ഓഫീസ് സെക്രട്ടറി എന്ന പദവിയില്‍ ജോലി ചെയ്തതെന്നും തന്റെ തീരുമാനമായിരുന്നില്ല പാര്‍ട്ടിയാണ് തന്നെ ചുമതലയിലിരുത്തിയതെന്നും സതീശന്‍ പറഞ്ഞു.

അവര്‍ ഉന്നയിക്കുന്നത് പോലെ തന്നെ പാര്‍ട്ടിയില്‍ നിന്ന് ആരും പുറത്താക്കിയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പുറത്ത് വന്നതെന്നും സതീശന്‍ പറഞ്ഞു.

കൊടകര കുഴല്‍പ്പണ കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിടുമെന്നും കുഴല്‍പ്പണം കൊണ്ടുവരുമ്പോള്‍ അതില്‍ നിന്നും സുരേന്ദ്രന്‍ പണം എടുത്തതായി തനിക്കറിയാമെന്നും സതീശന്‍ പറഞ്ഞു.

തനിക്കെതിരെ ഇല്ലാ കഥകള്‍ പ്രചരിപ്പിക്കുന്ന ശോഭാ സുരേന്ദ്രന്‍ താനുമായി നല്ല ബന്ധമുണ്ടായിരുന്ന ആളായിരുന്നുവെന്ന് പറഞ്ഞ സതീശന്‍ സി.പി.ഐ.എം വിലക്കുവാങ്ങി, ചിലരുമായി കൂടിക്കാഴ്ച നടത്തി തുടങ്ങിയ ആരോപണങ്ങള്‍ കള്ളമാണെന്നും ചൂണ്ടിക്കാട്ടി.

കെ.സുരേന്ദ്രന് ജനങ്ങളുടെ ഇടയിലുള്ള പിക്ച്ചറായിരുന്നില്ല ശോഭാ സുരേന്ദ്രന്. എന്നാല്‍ ആ ധാരണകള്‍ തെറ്റിക്കുന്ന തരത്തിലാണ് അവര്‍ തന്നെ കുറിച്ച് നടത്തുന്ന ആരോപണങ്ങള്‍. സഹതാപം തോന്നുന്നുവെന്നും ആളുകളുടെ മുന്നില്‍ വിഡ്ഢിത്തങ്ങള്‍ വിളിച്ച് പറഞ്ഞ് പരിഹാസ്യരാവരുതെന്നും സതീശന്‍ പറഞ്ഞു.

ബാങ്കിലെ ലോണിനെ കുറിച്ചുള്ള തെളിവുകളും തന്റെ പക്കലുണ്ടെന്നും പച്ചക്കള്ളമാണ് അവര്‍ പറയുന്നതെന്നും ആരെ തൃപ്തിപ്പെടുത്താനാണിതെന്നും സതീശന്‍ ചോദിച്ചു.

ശോഭാ സുരേന്ദ്രനെ പാര്‍ട്ടിയുടെ ജില്ലാ ഓഫീസിലേക്ക് കടത്തി വിടരുതെന്ന് പാര്‍ട്ടിയുടെ ജില്ലാ അധ്യക്ഷന്‍ പറഞ്ഞിരുന്നു. ശോഭാ സുരേന്ദ്രനെ ഓഫീസില്‍ നിന്നും പത്ര സമ്മേളനം നടത്താന്‍ സമ്മതിക്കരുതെന്നും ജില്ലാ അധ്യക്ഷന്‍ അനീഷ് പറഞ്ഞതായി സതീശന്‍ പറഞ്ഞു. ജില്ലാ നേതൃത്വം ശോഭാ സുരേന്ദ്രന് എതിരാണെന്നും കുഴല്‍പ്പണ കേസിനെ കുറിച്ചും ലോണിനെ കുറിച്ചുമെല്ലാം അവരോട് തന്നെ പറഞ്ഞിട്ടുണ്ടായിരുന്നെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: K. Surendran and Shobha Surendran make baseless allegations;
Thiroor Satheesan against BJP

Latest Stories

We use cookies to give you the best possible experience. Learn more