ന്യൂദല്‍ഹി: തെരഞ്ഞെടുപ്പില്‍ ഏറ്റ വലിയ തോല്‍വിയിലും കുഴല്‍പ്പണ കവര്‍ച്ചാ വിവാദമടക്കമുള്ള സംഭവങ്ങളിലും കെ.സുരേന്ദ്രനെതിരെ കടുത്ത അതൃപ്തി അറിയിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വം.
തെരഞ്ഞെടുപ്പില്‍ ഉള്ള ഒരു സീറ്റ് പോലും കളഞ്ഞതും നിരന്തരം സംസ്ഥാന നേതൃത്വത്തിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുമാണ് കേന്ദ്ര നേതൃത്വത്തിലെ ചൊടിപ്പിച്ചത്.
സംസ്ഥാനത്തെ കുഴല്‍പ്പണ വിവാദവും പിന്നീട് സി.കെ ജാനു, കെ. സുന്ദര തുടങ്ങിയവരുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് വിവാദത്തിലും കേന്ദ്രത്തിന് കടുത്ത അതൃപ്തിയാണ് ഉള്ളത്.
അതേസമയം തല്‍ക്കാലം നേതൃമാറ്റം വേണ്ടെന്നും കേന്ദ്രം പറഞ്ഞു. തുടര്‍ച്ചയായ വിവാദങ്ങള്‍ക്ക് പിന്നാലെ വ്യാഴാഴ്ചയാണ് കെ. സുരേന്ദ്രനും വി. മുരളീധരനും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നദ്ദയുമായി ചര്‍ച്ച നടത്തിയത്.
കേരളത്തിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഫണ്ട് വിനിയോഗത്തെക്കുറിച്ചും ഒട്ടേറെ പരാതികള്‍ ദേശീയ നേതൃത്വത്തിനു ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കാന്‍ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. വിവാദങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ കെ.സുരേന്ദ്രനോട് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം സംസ്ഥാന ബി.ജെ.പിയിലെ പ്രശ്‌നങ്ങളെ കുറിച്ച് ബി.ജെ.പി. നേതാവ് ആനന്ദ ബോസ് നല്‍കിയ റിപ്പോര്‍ട്ടില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉള്ളത്.
കേരള ബി.ജെ.പിയില്‍ തുടരുന്ന വിഭാഗീയതകളെക്കുറിച്ചും ആനന്ദബോസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നേതൃമാറ്റം വേണമെന്ന ആവശ്യവും നേതൃപരാജയവും വിശദീകരിച്ച് ആനന്ദബോസിനും ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയ്ക്കും സംസ്ഥാന ഭാരവാഹികള്‍ അടക്കം ഇ-മെയില്‍ അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.