| Friday, 23rd November 2018, 9:58 am

മുഖ്യമന്ത്രിയുടെ ഓഫീസ് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു; ലക്ഷ്യം മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റിനിര്‍ത്തല്‍: ആരോപണവുമായി കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാന്നി: പൊലീസ് തന്നെ മനപൂര്‍വ്വം വേട്ടയാടുകയാണെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതിനു പിന്നിലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

തനിക്കെതിരെ ചാര്‍ജു ചെയ്തിരിക്കുന്നത് കള്ളക്കേസുകളാണ്. നടക്കാത്ത സംഭവത്തിന്റെ പേരില്‍ വരെ പ്രതി ചേര്‍ത്തിരിക്കുകയാണ്. ഇതിനു പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

രണ്ടു കാരണങ്ങളാണ് തന്നെ വേട്ടയാടുന്നതിനു പിന്നിലുള്ളത്. ഒന്ന് അയ്യപ്പ ഭക്തരുടെ ആത്മവിശ്വാസം കെടുത്തുകയെന്നതാണ്. മറ്റൊന്ന് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ നിന്ന് തന്നെ ബോധപൂര്‍വ്വം മാറ്റി നിര്‍ത്തുക എന്നതാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

എന്ത് പീഡനം സഹിച്ചാലും അയ്യപ്പന്റെ ആചാരം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ നിന്നും പിന്മാറില്ല. ഏത് കള്ളക്കേസിനെയും സധൈര്യം നേരിടും. ലക്ഷക്കണക്കിന് വരുന്ന അയ്യപ്പഭക്തരുടെയും വിശ്വാസികളുടെയും പ്രാര്‍ത്ഥന തനിക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read:ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കണം, പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കണം; ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത് വിവിധ ഹരജികള്‍

തനിക്കെതിരായ ഗൂഢാലോചനയ്ക്കു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണ്. അവര്‍ നേരിട്ട് ഗൂഢാലോചനയില്‍ പങ്കാളിയാണ്. അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് നേരിട്ടാണ് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും നിര്‍ദേശം പോയിരിക്കുന്നത്.

ശബരിമല അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുരേന്ദ്രനെതിരെ കഴിഞ്ഞദിവസം പൊലീസ് മറ്റൊരു കേസുകൂടിയെടുത്തിരുന്നു. സന്നിധാനത്തിന് സമീപം വെച്ച് തൃശൂര്‍ സ്വദേശിനി ലളിതയ്‌ക്കെതിരെ നടന്ന ആക്രമണത്തില്‍ സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്നതാണഅ കേസ്. കേസില്‍ പ്രതിയായ സൂരജിന്റെ എഫ്.ബി പോസ്റ്റില്‍ നിന്ന് സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയതായി തെളിഞ്ഞെന്നാണ് പൊലീസ് പറയുന്നത്.

ഗൂഢാലോചന കുറ്റത്തിന് സുരേന്ദ്രനെതിരെ 120 ബി ചുമത്തിയാണ് കഴിഞ്ഞ ദിവസം പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കിയത്.

ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ കെ. സുരേന്ദ്രന് കഴിഞ്ഞദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം.

എന്നാല്‍ കണ്ണൂരില്‍ സുരേന്ദ്രനെതിരെ മറ്റൊരു കേസ് നിലവിലുള്ളതിനാല്‍ അദ്ദേഹത്തിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. കണ്ണൂരില്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തിയെന്ന കേസാണ് സുരേന്ദ്രനെതിരെയുള്ളത്.

Must Read:ഖത്തര്‍ ലോകകപ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ തൊഴില്‍ ചൂഷണമുണ്ടെന്നത് അടിസ്ഥാനരഹിതം; വാര്‍ത്തകള്‍ക്ക് പിന്നില്‍ ഗൂഢലക്ഷ്യം: കരാര്‍ കമ്പനി

കണ്ണൂരിലെ കേസുമായി ബന്ധപ്പെട്ട് നവംബര്‍ 26ന് സുരേന്ദ്രനെ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഈ കേസ് പരിഗണിക്കുന്നത് കുറേക്കൂടി നേരത്തെയാക്കാനും ജാമ്യമെടുക്കാനുമുള്ള നീക്കത്തിലായിരുന്നു ബി.ജെ.പി. ഇതിനിടെയാണ് പുതിയ കേസുകൂടി സുരേന്ദ്രനെതിരെ വന്നത്. ഈ സാഹചര്യത്തില്‍ ഈ കേസില്‍ കൂടി ജാമ്യമെടുത്താലേ സുരേന്ദ്രന് പുറത്തിറങ്ങാനാവൂ.

Latest Stories

We use cookies to give you the best possible experience. Learn more