തിരുവനന്തപുരം: ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണ്ണത്തിലും വെള്ളിയിലും കുറവുണ്ടെന്ന് കണ്ടെത്തിയതില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. സംഭവം അതീവ ഗുരുതര വീഴ്ച്ചയാണെന്നാരോപിച്ച സുരേന്ദ്രന്‍ ഇത്ര ലാഘവത്തോടെയാണോ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും യുവതികളെ മലകയറ്റാന്‍ ജാഗ്രത കാണിക്കുന്ന മന്ത്രിക്കും പ്രസിഡണ്ടിനും ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നില്ലേ ?എന്നും ചോദിച്ചു.
സ്വര്‍ണ്ണവും വെള്ളിയും സ്ട്രോങ് റൂമിലേക്ക് മാറ്റിയത് സംബന്ധിച്ച് രേഖകളൊന്നും കാണുന്നില്ലെന്നും
സ്ട്രോങ്ങ് റൂം തുറന്നു പരിശോധിക്കുന്നതിന് മുമ്പ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് ചെയര്‍മാനും സംഭവത്തെക്കുറിച്ച് പ്രതികരിക്കണമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
40 കിലോ സ്വര്‍ണത്തിന്റെയും 100 കിലോ വെള്ളിയുടെയും കുറവാണ് കണ്ടെത്തിയത്. ഇതു സംബന്ധിച്ച് ദേവസ്വം വിജിലന്‍സിന് അടക്കം ചില പരാതികള്‍ ലഭിച്ചിരുന്നു. ഓഡിറ്റിംഗിലാണ് ഇക്കാര്യം കണ്ടെത്തിയത്. അതേസമയം, സ്വര്‍ണവും വെള്ളിയും സ്‌ട്രോംങ് റൂമിലേക്ക് മാറ്റിയതിന് രേഖകളുമില്ല. ഇതിനെ തുടര്‍ന്ന് ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗം നാളെ സ്‌ട്രോംഗ് റൂം തുറന്ന് പരിശോധന നടത്തും.