'കോഴിക്കോട് രാജ്യദ്രോഹികള്‍ അഴിഞ്ഞാടുന്നു, സമരം നടത്തുന്നത് തീവ്രവാദികള്‍'; യൂത്ത് ലീഗിന്റെ പൗരത്വ പ്രതിഷേധത്തിനെതിരെ വിവാദ പരാമര്‍ശവുമായി കെ.സുരേന്ദ്രന്‍
Kerala News
'കോഴിക്കോട് രാജ്യദ്രോഹികള്‍ അഴിഞ്ഞാടുന്നു, സമരം നടത്തുന്നത് തീവ്രവാദികള്‍'; യൂത്ത് ലീഗിന്റെ പൗരത്വ പ്രതിഷേധത്തിനെതിരെ വിവാദ പരാമര്‍ശവുമായി കെ.സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th February 2020, 5:50 pm

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ കോഴിക്കോട് കടപ്പുറത്ത് യൂത്ത് ലീഗ് നടത്തുന്ന അനിശ്ചിതകാല സമരത്തെ അധിക്ഷേപ പരമാര്‍ശവുമായി ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഷാഹീന്‍ബാഗ് മോഡല്‍ സമരം നടത്തുന്നവര്‍ തീവ്രവാദികളാണെന്നും രാജ്യദ്രോഹികളാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

കോഴിക്കോട് കടപ്പുറത്ത് പന്തല്‍ കെട്ടാനോ സമരം നടത്താനോ കോര്‍പറേഷന്‍ അനുമതി നല്‍കിയിട്ടില്ല. അവിടെ എന്താണ് നടക്കുന്നതെന്ന് പൊലീസ് അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

‘കോഴിക്കോട് കടപ്പുറത്ത് കഴിഞ്ഞ കുറച്ചു ദിവസമായി തീവ്രവാദികള്‍ ഷാഹീന്‍ബാഗ് സ്‌ക്വയര്‍ എന്നൊക്കെ പറഞ്ഞ് വിഷലിപ്തമായ സമരം നടത്തിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ കോര്‍പറേഷനില്‍ അന്വേഷിച്ചപ്പോള്‍ ഒരു അനുമതിയും സമരത്തിന് കൊടുത്തിട്ടില്ല എന്നാണ് അറിഞ്ഞത്. അവിടെ തീവ്രവാദികള്‍ അഴിഞ്ഞാടുകയാണ്. കോര്‍പറേഷനോ പൊലീസ് ഉദ്യോഗസ്ഥരോ അവിടെ എന്താണ് നടക്കുന്നതെന്ന് പോയി അന്വേഷിക്കാനുള്ള മര്യാദ കാണിക്കേണ്ടതായിരുന്നു. മുസ്‌ലിങ്ങളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിക്കാന്‍ വര്‍ഗീയതയും തീവ്രവാദവും ഈ നാട്ടില്‍ വളര്‍ത്താന്‍ ഗുരുതരമായിട്ടുള്ള ക്രിമിനല്‍ കുറ്റം ചെയ്യുന്ന ഈ രാജ്യദ്രോഹികളെ എന്താണ് നിലയ്ക്ക് നിര്‍ത്താന്‍ മുഖ്യമന്ത്രി ശ്രമിക്കാത്തത്?’, സുരേന്ദ്രന്‍ പറഞ്ഞു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റെടുത്തിന് പിന്നാലെ കോഴിക്കോട് നടന്ന സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.

കെ. സുരേന്ദ്രന്റെ അനുമതി വാങ്ങി പരിപാടി നടത്തേണ്ട ഗതികേട് യൂത്ത് ലീഗിനില്ലെന്ന് വിഷയത്തില്‍ പ്രതികരിച്ച യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം പറഞ്ഞു. ബന്ധപ്പെട്ട അധികാരികളോട് മുന്‍കൂര്‍ അനുമതി വാങ്ങിയാണ് കോഴിക്കോട് സമരം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാളെ ആ സമരം എങ്ങനെ കൊണ്ടുപോകണമെന്ന് യൂത്ത് ലീഗ് തീരുമാനിക്കും അക്കാര്യത്തില്‍ യൂത്ത് ലീഗിന് സുരേന്ദ്രന്റെ ഉപദേശം ആവശ്യമില്ലെന്നും അദ്ദേഹം മീഡിയാ വണ്ണിനോട് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ