| Wednesday, 9th October 2024, 10:34 pm

വിനു വി. ജോണ്‍, ഇത് പിതൃശൂന്യ മാധ്യമപ്രവര്‍ത്തനം; ഏഷ്യാനെറ്റ് ന്യൂസിനെതിരെ കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഏഷ്യാനെറ്റ് ന്യൂസ് ഇന്ന് നടത്തിയ ന്യൂസ് അവര്‍ ചര്‍ച്ചയെ കുറിച്ചാണ് കെ. സുരേന്ദ്രന്‍ എതിര്‍പ്പറിയിച്ചിരിക്കുന്നത്.

കെ. സുരേന്ദ്രനുമായി ബന്ധപ്പെട്ട മഞ്ചേശ്വരം കോഴക്കേസ് ഉള്‍പ്പടെയുള്ളവ സി.പി.ഐ.എമ്മുമായി ബന്ധപ്പെട്ട ധാരണയുടെ പുറത്ത് ഒത്തുതീര്‍പ്പാക്കിയതാണോ എന്നായിരുന്നു ഇന്നത്തെ ന്യൂസ് അവര്‍ ചര്‍ച്ച. വലതുപക്ഷ നിരീക്ഷകനായ ശ്രീജിത് പണിക്കര്‍ ഉള്‍പ്പടെ പങ്കെടുത്ത ചര്‍ച്ചയില്‍ അവതാരകനായ വിനു വി ജോണ്‍ ഉള്‍പ്പടെ പലഘട്ടത്തിലും കെ. സുരേന്ദ്രനെ പേരെടുത്ത് വിമര്‍ശിക്കുന്നുമുണ്ട്.

ഈ ഘട്ടത്തിലാണ് ചര്‍ച്ചക്കെതിരെയും ചര്‍ച്ച നടത്തിയ വിനു വി ജോണിനെതിരെയും കെ. സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബി.ജെ.പി നേതാവിന്റെ വിമര്‍ശനം. വിനു വി ജോണിന്റേത് പിതൃശൂന്യ മാധ്യമ പ്രവര്‍ത്തനമാണെന്നാണ് കെ. സുരേന്ദ്രന്‍ പറയുന്നത്. മാത്രവുമല്ല, ഇന്നത്ത ചര്‍ച്ചക്ക് ബി.ജെ.പിയില്‍ നിന്ന് ഒരാളെയെങ്കിലും വിളിക്കാമായിരുന്നു എന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തുന്നു.

സംഘിബന്ധം സത്യമോ എന്നായിരുന്നു ചര്‍ച്ചയുടെ തലക്കെട്ട്. ഇതിനെയും സുരേന്ദ്രന്‍ വിമര്‍ശിക്കുന്നുണ്ട്. സംഘി എന്ന് പറയുന്ന താങ്കള്‍ ഏതെങ്കിലും ഘട്ടത്തില്‍ സുഡാപ്പിയെന്നോ കമ്മിയെന്നോ കൊങ്ങിയെന്നോ പറയാന്‍ തയ്യാറാകുമോ എന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.

ഇന്ന് നടന്നത് പെയ്ഡ് ചര്‍ച്ചയാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ശ്രീജിത് പണിക്കരടക്കം നാല് പേരും കോണ്‍ഗ്രസുകാരാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തുന്നു. ഇത് സംബന്ധിച്ച് ജനങ്ങളോട് പറയാനുള്ള നാളെ പറയുമെന്നും കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മിസ്റ്റര്‍ വിനു വി ജോണ്‍ താങ്കള്‍ അന്തസ്സുള്ള ഒരു മാധ്യമപ്രവര്‍ത്തകനായിരുന്നെങ്കില്‍ ഇന്നത്തെ പെയ്ഡ് അന്തിച്ചര്‍ച്ചയില്‍ പേരിനെങ്കിലും ഒരു ബി. ജെ. പി. വക്താവിനെ വിളിക്കണമായിരുന്നു. അതും ബി. ജെ. പി സംസ്ഥാന പ്രസിഡണ്ടിനെതിരെയുള്ള ഒരു കേസ്സ് ചര്‍ച്ച ചെയ്യുമ്പോള്‍.

താങ്കളടക്കം നാലു കോണ്‍ഗ്രസ്സുകാര്‍ ഏകപക്ഷീയമായി പുലമ്പിയ കാര്യങ്ങള്‍ക്കെല്ലാം വസ്തുനിഷ്ഠമായ മറുപടിയുണ്ട്. അത് നാളെ ജനങ്ങളോട് പറയാം. മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഇതാണ് പിതൃശൂന്യമായ മാധ്യമപ്രവര്‍ത്തനം. പിന്നെ സംഘി എന്നൊക്കെ പറയുന്ന താങ്കള്‍ക്ക് ഏതെങ്കിലും ഘട്ടത്തില്‍ സുഡാപ്പി, കമ്മി, കൊങ്ങി എന്നൊക്കെ മറ്റുള്ളവരെക്കുറിച്ച് ഇങ്ങനെ അടിച്ചിറക്കാനുള്ള ധൈര്യം ഏതെങ്കിലും കാലത്തുണ്ടാവുമോ?

CONTENT HIGHLIGHTS: k-surendran-against-vinu-v-jhon

We use cookies to give you the best possible experience. Learn more