| Saturday, 3rd November 2018, 8:12 am

'സുപ്രീം കോടതി അല്ല ഏത് കോടതി വന്നാലും വിശ്വാസത്തിനുമേല്‍ കൈകടത്താന്‍ ആകില്ല; സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് പറഞ്ഞാല്‍ വലിച്ച് താഴെ ഇട്ടിരിക്കുമെന്നും കെ സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമലയില്‍ യുവതിയെ പ്രവേശിപ്പിക്കണമെന്ന് സുപ്രീം കോടതി അല്ല ഏത് കോടതി വന്നാലും ഹിന്ദുവിന്റെ വിശ്വാസത്തിനുമേല്‍ കൈകടത്താന്‍ ആകില്ലെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കോഴിക്കോട് പേരാമ്പ്രയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു സുപ്രിം കോടതി വിധിയെ അടക്കം വെല്ലുവിളിച്ചുകൊണ്ടുള്ള സുരേന്ദ്രന്റെ പ്രസംഗം. പുനഃപരിശോധന ഹരജി എന്തു തന്നെ ആയാലും അത് അംഗീകരിക്കാന്‍ ഈ നാട്ടിലെ ഹിന്ദുക്കള്‍ തയാറാകില്ലെന്നും. 13ാം തീയതി എന്ത് വരും എന്ന വേവലാതി നമുക്കില്ലെന്നും സുരേന്ദ്രന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

Also Read  “ഇവരുടെ പാരമ്പര്യം തന്നെയിതാണ് ; സംഘപരിവാറിന്റെ വര്‍ഗീയ കലാപ ശ്രമങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് ശ്രീചിത്രന്‍

ശബരിമലയുടെ പേരുപറഞ്ഞാണ് അദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെന്നും അതേ ശബരിമല വിഷയത്തില്‍ തന്നെയായിരിക്കും അവസാനത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അന്ത്യമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പാറപ്പുറത്തെ പിണറായി ആയിരിക്കും ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്നും സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് പറഞ്ഞാല്‍ താഴെയിട്ടിരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. അത് പിണറായിയെ കസേരയില്‍ നിന്നല്ല അധികാരത്തില്‍ നിന്ന് തന്നെയെന്നും സുരേന്ദ്രന്‍കൂട്ടി ചേര്‍ത്തു.

ശബരിമലയെ സംരക്ഷിക്കാനുള്ള കര്‍മ്മ പദ്ധതികള്‍ ശബരിമല കര്‍മ്മ സമിതിയും സമാന്തരമായി ബി.ജെ.പിയും മറ്റു ദേശീയ പ്രസ്ഥാനങ്ങളെല്ലാം ചേര്‍ന്ന് നടത്തികൊണ്ടിരിക്കുകയാണെന്നും പതിനായിരമല്ല ഇരുപതിനയിരം പൊലീസുകാരെ അണിനിരത്തിയാലും ആചാരം ലംഘിച്ച് ശബരിമലയില്‍ ഒരു യുവതിയെപ്പോലും കയറാന്‍ അനുവദിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Also Read  കേരളം കത്തുമെന്ന് ശ്രീധരന്‍പിള്ള അന്നേ പറഞ്ഞതാണ്: ഹര്‍ത്താല്‍ നടത്തി കലാപത്തിന് കോപ്പുകൂട്ടുന്ന സംഘപരിവാറിനെ തുറന്നുകാട്ടി ഹരീഷ് വാസുദേവന്‍

തന്ത്രിയുടെ ബ്രഹ്മചര്യത്തില്‍ സംശയം പ്രകടിപ്പിച്ചതുകൊണ്ടാണോ 12 ആക്ടിവിസ്റ്റുകളെ നിങ്ങള്‍ അവിടേക്ക് കയറ്റിവിട്ടതെന്നും തന്ത്രിയുടെ ബ്രഹ്മചര്യം നോക്കിയവര്‍ എന്തുകൊണ്ട് ബിഷപ്പിന്റേത് നേക്കിയില്ലെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ശബരിമലയില്‍ മാത്രം എന്താണ് നിങ്ങള്‍ക്ക് ലിംഗ നീതി. പതിനായിര കണക്കിന് മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരോടൊപ്പം നമാസ് നടത്താന്‍ സാധിക്കുന്നില്ല അതില്‍ പുരോഗമനം പ്രസംഗിക്കുന്ന നേതാക്കന്മാര്‍ക്ക് എന്താണ് നിലപാടെന്നും ഹിന്ദുക്കള്‍ എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയാണോ എന്നും സുരേന്ദ്രന്‍ തന്റെ പ്രസംഗത്തില്‍ ചോദിച്ചു.

അതേസമയം ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നു തന്നെയാണ് ആര്‍.എസ്.എസിന്റെ നിലപാടെന്ന് ആര്‍.എസ്.എസ് സര്‍കാര്യവാഹ് ഭയ്യാജി ജോഷി കഴിഞ്ഞ ദിവസം വീണ്ടും പറഞ്ഞിരുന്നു.

Doolnews Video.

We use cookies to give you the best possible experience. Learn more