തിരുവന്തപുരം: ഇടതുപക്ഷ പ്രസ്താനങ്ങളായ എസ്.എഫ്.ഐയുടേയും ഡി.വൈ.എഫ്.ഐയുടേയും പ്രസക്തി നഷ്ടമായെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്ട്രറി കെ.സുരേന്ദ്രന്‍. പ്രസക്തി നഷ്ട്മായതിനാല്‍ രണ്ട് സംഘടനകളും പിരിച്ച് വിടണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇടത് സംഘടനകള്‍ക്കെതിരെ ആഞ്ഞടിച്ചത്. ലോ അക്കാദമി സമരത്തില്‍ ഇരു സംഘടനകളും വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയായിരുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ഭരണ വിലാസ സംഘടനകളായി ഇരു സംഘടനകളും മാറിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കഴിഞ്ഞയാഴ്ച്ച സമരം വിജയിച്ചെന്ന് പറഞ്ഞ എസ്.എഫ്.ഐ പിന്നെന്തിന് വീണ്ടും കരാറില്‍ ഒപ്പിട്ടെന്നും അദ്ദേഹം ചോദിച്ചു.
വിദ്യാര്‍ത്ഥി സംഘടനകളിലെ കരിങ്കാലികളായി എസ്.എഫ്.ഐ മാറിയിരിക്കുകയാണ്. സമരത്തെ ആദ്യഘട്ടം മുതലേ അവഗണിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. സിന്‍ഡിക്കേറ്റിനെ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ കബളിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതായും സുരേന്ദ്രന്‍ പറഞ്ഞു.
സി.പി.ഐയുടെ ആത്മാര്‍ത്ഥ തെളിയിക്കാനുള്ള അവസരമാണിതെന്നും ഭൂമി കയ്യേറ്റത്തിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ റവന്യൂ മന്ത്രിയ്ക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.