| Thursday, 19th November 2020, 1:14 pm

സ്വപ്‌നയുടെ ശബ്ദരേഖ എങ്ങനെ പുറത്തായെന്ന് വ്യക്തമാക്കണം; ഋഷിരാജ് സിംഗിനെതിരെ വീണ്ടും കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വീണ്ടും രംഗത്ത്. ശബ്ദരേഖ എങ്ങനെ പുറത്തു വന്നുവെന്ന് ജയില്‍ ഡി.ജിപി മറുപടി നല്‍കണമെന്ന് കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സ്വപ്‌നയെ ജയിലില്‍ വെച്ച് കണ്ടത് ആരൊക്കെയാണന്ന് വ്യക്തമാക്കണമെന്നും ജയിലിലെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തു വിടണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ആളുകളാണ് ശബ്ദരേഖ ജയിലില്‍ നിന്നു പുറത്തെത്തിച്ചതെന്നാണ് കെ.സുരേന്ദ്രന്‍ ആരോപിക്കുന്നത്.

സ്വപ്‌ന സുരേഷിന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കുമായി ബന്ധമുണ്ടെന്ന ആരോപണം സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. മസാല ബോണ്ട് അഴിമതി ഉടന്‍ പുറത്തു വരുമെന്നും സുരേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

നേരത്തെ കെ. സുരേന്ദ്രന്‍ നടത്തിയ ആരോപണങ്ങള്‍ക്കെതിരെ ഋഷിരാജ് സിംഗ് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും വേണ്ടി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ പലരും ജയിലില്‍ സന്ദര്‍ശിച്ചെന്ന് സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇത്തരം കൂടിക്കാഴ്ചയ്ക്ക് ജയില്‍ സൂപ്രണ്ട് കൂട്ടുനിന്നെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. കസ്റ്റംസിന്റെ അനുമതി ഇല്ലാതെയായിരുന്നു ഈ കൂടിക്കാഴ്ചകളെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ഇത് വ്യാജ പ്രചരണമാണെന്നും മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടി സ്വീകരിക്കുമെന്നും ഋഷിരാജ് സിംഗ് മറുപടി നല്‍കിയിരുന്നു. ജയില്‍ വകുപ്പിനെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഋഷിരാജ് സിംഗ് സുരേന്ദ്രനോട് ആവശ്യപ്പെട്ടു.

സ്വര്‍ണ കടത്ത് കേസിലെ പ്രതിക്ക് ജയിലില്‍ അനധികൃതമായി സന്ദര്‍ശക സൗകര്യം നല്‍കിയിട്ടില്ലെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more