പിണറായി വിജയന്‍ ഇരട്ടച്ചങ്കനല്ല, ഓട്ടച്ചങ്കനാണ്: കെ.സുരേന്ദ്രന്‍
Kerala News
പിണറായി വിജയന്‍ ഇരട്ടച്ചങ്കനല്ല, ഓട്ടച്ചങ്കനാണ്: കെ.സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th November 2018, 5:47 pm

കാസര്‍കോട്: ശബരിമലയിലെ ചിത്തിര ആട്ട വിശേഷം കഴിഞ്ഞതോടെ പിണറായി വിജയന്‍ ഓട്ടച്ചങ്കനായെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. പിണറായി വിജയന്‍ ഇത്രയും കാലം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കളെ വിശ്വസിപ്പിച്ചിരുന്നത് താനൊരു ഇരട്ടച്ചങ്കനാണ് എന്നായിരുന്നു.

എന്നാല്‍ ശബരിമലയിലെ ചിത്തിര ആട്ട വിശേഷ പൂജ കഴിഞ്ഞപ്പോള്‍ രണ്ട് ചങ്ക് പോയിട്ട് ഒരു ചങ്കുമില്ലാത്ത ഓട്ടച്ചങ്കനാണ് മുഖ്യമന്ത്രിയെന്ന് മനസിലായെന്നും സുരേന്ദ്രന് പരിഹസിച്ചു. കാസര്‍കോട് മധൂറില്‍ എന്‍.ഡി.എയുടെ രഥയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


also read:  അച്ഛേ ദിന്‍ ഒന്നും വരില്ല, മോദിയുടെ അപരന്‍ ബസ്തറില്‍ കോണ്‍ഗ്രസിനു വേണ്ടി വോട്ടുപിടിക്കുന്നു


“എവിടെയാണ് അയാള്‍ക്ക് ചങ്കുള്ളത്. സാധാരണ നിലയില്‍ ആയിരം ആയിരത്തി അഞ്ഞൂര്‍ അയ്യപ്പഭക്തന്‍മാര്‍ വരുന്ന ശബരിമലയില്‍ ഇത്തവണ പതിനായിരകണക്കിന് അയ്യപ്പ ഭക്തന്മാര്‍ എത്തി. നിങ്ങള്‍ ഏതു മര്‍ക്കട മുഷ്ടി ഉപയോഗിച്ചാലും നിങ്ങള്‍ എന്ത് യുദ്ധ സന്നാഹമായിട്ടുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചാലും പാറപ്പുറത്തെ പിണറായി വിജയാ 144 അല്ല, 1440 പൊലീസ് നടപടി എടുത്താലും കേരളത്തിലെ അയ്യപ്പഭക്തന്മാര്‍ പുല്ലുപോലെ അതിനെ വലിച്ചെറിയും. ഇത്തരം സാഹചര്യങ്ങളില്‍ വളരെ അവതാനതയോടുകൂടി കാര്യങ്ങള്‍ ചെയ്യേണ്ട സര്‍ക്കാര്‍ ശബരിമല സന്നിധാനത്ത് ശക്തമായ പ്രതികാര നടപടിയാണ് സ്വീകരിച്ചത്”- സുരേന്ദ്രന്‍ പറഞ്ഞു.

അയ്യപ്പഭക്തന്മാര്‍ സന്നിധാനത്തെത്തിയ സമയത്ത് അവിടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും സൗകര്യമില്ലായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. സി.പി.ഐ.എമ്മിന്റെ അണികളെപ്പോലെയല്ല അയ്യപ്പഭക്തന്മാര്‍ ഏത് ത്യാഗവും സഹിക്കാന്‍ തയ്യാറുള്ളവരാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, കോഴിക്കോട് യുവമോര്‍ച്ചാ വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ പി.എസ് ശ്രീധരന്‍ പിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തത്. നന്മണ്ട സ്വദേശിയായ ഷൈബിനാണ് കോഴിക്കോട് കസബ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.


മതവികാരം ഇളയ്ക്കി വിടുന്നതിനെതിരെ കൊച്ചിയിലും കോഴിക്കോടും പിള്ളയ്ക്കെതിരെ കേസെടുത്തിരുന്നു. ശബരിമലയില്‍ ആചാര ലംഘനമുണ്ടായാല്‍ നട അടച്ചിടുമെന്ന് പ്രഖ്യാപിക്കും മുന്‍പ് തന്ത്രി തന്നെ ബന്ധപ്പെട്ടിരുന്നതായി പറഞ്ഞ ശ്രീധരന്‍ പിള്ള തന്ത്രിയെയും പ്രവര്‍ത്തകരെയും കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചുവെന്നും പിള്ളയ്ക്കെതിരായ പരാതിയില്‍ പറയുന്നുണ്ട്.