ആരോപണം വെറുതെയല്ല, സ്പീക്കര്‍ക്കെതിരെ തെളിവുണ്ട്: അന്വേഷണ സംഘം അത് പുറത്തുകൊണ്ടുവരുമെന്നും സുരേന്ദ്രന്‍
Kerala
ആരോപണം വെറുതെയല്ല, സ്പീക്കര്‍ക്കെതിരെ തെളിവുണ്ട്: അന്വേഷണ സംഘം അത് പുറത്തുകൊണ്ടുവരുമെന്നും സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th December 2020, 11:23 am

 

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ബന്ധമുണ്ടെന്ന ആരോപണം താന്‍ വെറുതെ ഉയര്‍ത്തിയതല്ലെന്നും
അതിന് കൃത്യമായ തെളിവുണ്ടെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

സ്വര്‍ണക്കടത്തിലെ സ്പീക്കറുടെ ബന്ധം അന്വേഷണ ഏജന്‍സികള്‍ പുറത്തുകൊണ്ടുവരുമെന്ന ഉറച്ച വിശ്വാസത്തിലാണ് താന്‍ ഇക്കാര്യം പറഞ്ഞതെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സ്വപ്‌നയേയും സന്ദീപിനേയും ഒരു തരത്തിലും സഹായിച്ചിട്ടില്ല എന്ന് പറയുന്ന സ്പീക്കര്‍ അവരെ സഹായിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിച്ച് മാപ്പ് പറയാന്‍ തയ്യാറാകുമോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

താന്‍ ഉയര്‍ത്തിയ ആരോപണത്തില്‍ തനിക്കെതിരെ അദ്ദേഹം നിയമനടപടി സ്വീകരിക്കും എന്ന് പറയുന്നതല്ലാതെ നടപടി സ്വീകരിക്കട്ടെയെന്നും അതിന് എന്താണ് തടസമെന്നും സുരേന്ദ്രന്‍ ചോദിച്ചു.

സ്പീക്കര്‍ എന്ന നിലയില്‍ സാധാരണരീതിയില്‍ പാലിക്കേണ്ട കരുതലോ ജാഗ്രതയോ മര്യാദയോ കാണിക്കാന്‍ ശ്രീരാമകൃഷ്ണന്‍ തയ്യാറായിട്ടില്ല. ശ്രീരാമകൃഷ്ണന്‍ സി.പി.ഐ.എമ്മിന്റെ പ്രമുഖനേതാവാണ്. ഇയാള്‍ക്ക് സ്വപ്നയും സരിത്തുമായി സാധാരണ ബന്ധമല്ല ഉള്ളത്. അത് ഏത് അന്വേഷണ ഏജന്‍സിക്ക് പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഊരാളുങ്കലിന് വേണ്ടി സ്പീക്കര്‍ വലിയ അഴിമതി നടത്തിയിട്ടുണ്ടെന്നും പാലാരിവട്ടം കേസില്‍ ഇബ്രാഹിം കുഞ്ഞ് ചെയ്ത അതേകാര്യമാണ് നിയമസഭയുടെ കാര്യത്തില്‍ സ്പീക്കര്‍ ചെയ്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി സി.പി.ഐ.എം നേതാക്കളുടെയും മന്ത്രിമാരുടെയും അഴിമതിപ്പണം മറയ്ക്കുന്നതിനുള്ള സ്ഥലമാണ്. പല മന്ത്രിമാരുടെയും അഴിമതി പണം ഊരാളുങ്കലില്‍ നിന്നാണ് വെളുപ്പിക്കുന്നത്. യാതൊരു മാനദണ്ഡവുമില്ലാതെ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് സര്‍ക്കാര്‍ മുന്‍കൂറായി പണം കൊടുക്കുകയാണ്.

ഒരു വൈദഗ്ധ്യവുമില്ലാത്ത മേഖലകളില്‍ പോലും കരാര്‍ നല്‍കുകകയാണ്. അതേ മാതൃകയാണ് നിയമസഭയുടെ കാര്യത്തില്‍ സ്പീക്കര്‍ സ്വീകരിച്ചത്. പാലാരിവട്ടം പാലത്തില്‍ ഇബ്രാഹിം കുഞ്ഞ് ചെയ്ത അതേ അഴിമതിയാണ് നിയമസഭയില്‍ സ്പീക്കര്‍ ചെയ്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ കാര്യത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ ചോദ്യം ചെയ്യണം. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ആരോഗ്യമേഖലയിലെ വിദഗ്ധസംഘത്തിന്റെ അഭിപ്രായം അറിഞ്ഞ് സി.എം രവീന്ദ്രന്റെ ആരോഗ്യസ്ഥിതി ജനങ്ങളോട് പറയണം. മെഡിക്കല്‍ കോളജ് അധികൃതരുടെയും ആരോഗ്യവകുപ്പിന്റെ ഒത്താശയോടെയാണ് ഇത് നടക്കുന്നതെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K Surendran Against P Sreeramakrishnan