| Tuesday, 13th December 2022, 6:38 pm

സതീശനെ ഉപമുഖ്യമന്ത്രിയാക്കുന്നതാണ് നല്ലത്, ഗവര്‍ണറെ മാറ്റാന്‍ പ്രതിപക്ഷം സർക്കാരിന് ഓശാന പാടുന്നു: കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബില്‍ പാസായതിലൂടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഒത്തുകളി വ്യക്തമായതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

കേരളത്തിലെ സര്‍വകലാശാലകളിലെല്ലാം സി.പി.ഐ.എമ്മിന്റെ ആധിപത്യം സ്ഥാപിക്കാനുള്ള ബില്ലിനെ അനുകൂലിച്ച വി.ഡി. സതീശനെ പിണറായി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയാക്കുന്നതാണ് നല്ലത്. പ്രതിപക്ഷ ധര്‍മം മറന്നതുകൊണ്ടാണ് യു.ഡി.എഫ് ജനാധിപത്യവിരുദ്ധമായ ബില്ലിനെ എതിര്‍ക്കാതിരുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സ്വജനപക്ഷപാതവും അഴിമതിയും നടത്താനാണ് സര്‍ക്കാര്‍ ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും മാറ്റുന്നത്. ഇതിന് ഓശാന പാടുകയാണ് പ്രതിപക്ഷമെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

മുസ്‌ലിം ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കോണ്‍ഗ്രസ് നിലപാട് മാറ്റിയത്. അഴിമതിയും സ്വജനപക്ഷപാതവും വര്‍ഗീയതയും മുഖമുദ്രയാക്കിയ ലീഗില്‍ നിന്നും മറിച്ചൊരു സമീപനം പ്രതീക്ഷിക്കേണ്ടതില്ല.

കോണ്‍ഗ്രസില്‍ ആത്മാഭിമാനമുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. സുപ്രീംകോടതി ഉള്‍പ്പെടെയുള്ള നീതിന്യായ കോടതികള്‍ക്ക് മുമ്പില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ നിയമസഭയെ ഉപയോഗിച്ച് അതെല്ലാം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്.

സര്‍വകലാശാലകളുടെ സ്വയംഭരണം തകര്‍ക്കാനും വിദ്യാര്‍ത്ഥികളുടെ ഭാവി ഇല്ലാതാക്കാനുമാണ് സര്‍ക്കാരും പ്രതിപക്ഷവും ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ നിലപാട് കാരണം സംസ്ഥാനത്തെ പതിനായിരക്കണക്കിന് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്. അവരുടെ ഭാവിക്ക് ഭീഷണിയാണ് നിയമസഭയില്‍ അവതരിപ്പിച്ച ബില്ല്,’ സുരേന്ദ്രന്‍ പറഞ്ഞു.

ഇപ്പോള്‍ തന്നെ നാഥനില്ലാ കളരിയാണ് കേരളത്തിലെ സര്‍വകലാശാലകള്‍. ഭരണഘടനാവിരുദ്ധവും യു.ജി.സി നിയമങ്ങള്‍ക്കെതിരുമായ ബില്ലിനെതിരെ ബി.ജെ.പി പോരാടുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍ നിയമസഭ പാസാക്കി. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് നിര്‍ദേശിച്ച മാറ്റങ്ങളോടെയാണ് ബില്ല് സഭയില്‍ എത്തിയത്.

എന്നാല്‍, ചാന്‍സലര്‍ സ്ഥാനത്തേക്കുള്ള പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശം സര്‍ക്കാര്‍ നിരാകരിച്ചതോടെ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. തുടര്‍ന്ന് ഭരണപക്ഷ അംഗങ്ങളുടെ പിന്തുണയോടെ ബില്ല് പാസാക്കി, സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.

സംസ്ഥാനത്തെ 14 സര്‍വകലാശാലകള്‍ക്കും ഒരു ചാന്‍സലര്‍ മതിയെന്ന പുതിയ ഭേദഗതി നിര്‍ദേശവുമായാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എത്തിയത്.

വിരമിച്ച സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാന്‍സലറാകണം. ചാന്‍സലര്‍ നിയമനത്തിന് വേണ്ടി പ്രത്യേക സമിതിയെ നിയോഗിക്കണമെന്നുമാണ് പ്രതിപക്ഷം ഭേദഗതിയില്‍ നിര്‍ദേശിച്ചത്.

മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്നതാകണം സമിതി. ഈ സമിതിയുടെ ഭൂരിപക്ഷാഭിപ്രായമനുസരിച്ച് ചാന്‍സലറെ നിയമിക്കണമെന്നുമാണ് പ്രതിപക്ഷം മുന്നോട്ടുവെച്ച ഭേദഗതിയിലുള്ളത്.

അതേസമയം, ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉയര്‍ത്തിയത്. ഗവര്‍ണര്‍ കേറി ഭരിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല. ഭരണമാകെ ഗവര്‍ണര്‍ ഏറ്റെടുത്ത പ്രതീതിയാണ്. ഗവര്‍ണറെ നീക്കണമെന്ന ലീഗ് നിലപാടില്‍ മാറ്റമില്ല. ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനങ്ങള്‍ അസാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെതിരെയും ലീഗ് നേതാവ് വിമര്‍ശനം ഉന്നയിച്ചു. സര്‍വകലാശാലകളെ ഏകപക്ഷീയമായും യൂണിയന്‍ വത്കരിച്ചും മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ല. സര്‍വകലാശാല ഭരണത്തില്‍ പ്രതിപക്ഷത്തെ കേള്‍ക്കുന്നേയില്ല.

സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസത്തിന് നിലവാരം വേണം. സമരത്തില്‍ നിന്നും കലാപങ്ങളില്‍ നിന്നും സര്‍വകലാശാലകളെ മോചിപ്പിക്കണം. അതിനുള്ള നിര്‍ദ്ദേശമാണ് പ്രതിപക്ഷ നേതാവിന്റേതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എന്നാല്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പകരം സ്പീക്കറെ ഉള്‍പ്പെടുത്തി സമിതിയാകാമെന്ന് നിയമ മന്ത്രി പി. രാജീവ് വ്യക്തമാക്കി. ഇത് പ്രതിപക്ഷവും അംഗീകരിച്ചു. എന്നാല്‍ വിരമിച്ച ജഡ്ജിമാര്‍ എല്ലാ കാര്യത്തിന്റെയും അവസാന വാക്കാണെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ് മന്ത്രി രാജീവ് പ്രതിപക്ഷത്തിന്റെ നിര്‍ദേശം തള്ളി.

ധൈഷണിക നേതൃത്വമാണ് സര്‍വകലാശാലകള്‍ക്ക് വേണ്ടതെന്നും വിദ്യാഭ്യാസ വിദഗ്ദരാണ് ചാന്‍സലര്‍ സ്ഥാനത്തെത്തുകയെന്നും രാജീവ് പറഞ്ഞു. ഇതോടെയാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്. സഭ ബഹിഷ്‌കരിക്കരുതെന്ന് ആവശ്യപ്പെട്ട മന്ത്രി രാജീവ് പ്രതിപക്ഷ നിലപാടിന് ചരിത്രം മാപ്പ് നല്‍കില്ലെന്നും പറഞ്ഞു.

Content Highlight: K Surendran against Kerala Government and Opposition over Chancellor Bill

We use cookies to give you the best possible experience. Learn more