| Monday, 6th December 2021, 9:39 pm

ദൈവത്തിന്റെ സ്വന്തം നാടിനെ തീവ്രവാദികളുടെ സ്വന്തം നാടാക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു: കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ ക്രിസ്ത്യന്‍ മാനേജ്മെന്‍റ്  സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ മേല്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ബാബരി മസ്ജിദ് അനുകൂല സ്റ്റിക്കര്‍ ഒട്ടിച്ചതിനെതിരെ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

ഇത് കടുത്ത ബാലാവകാശ ലംഘനമാണെന്നും, ഇതിനെതിരെ പിണറായി സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘കടുത്ത മനുഷ്യാവകാശ ലംഘനവും ബാലാവകാശ ലംഘനവുമാണ് ഒരു വശത്ത് നടന്നിരിക്കുന്നത്. ഒന്നുമറിയാത്ത ക്രിസ്ത്യന്‍ മാനേജ്‌മെന്റ് വിദ്യാലയത്തില്‍ പഠിക്കുന്ന കൊച്ചു കുട്ടികളുടെ നെഞ്ചില്‍ ഐ ആം ബാബരി എന്ന സ്റ്റിക്കര്‍ ബലം പ്രയോഗിച്ച് ഒട്ടിക്കുകയാണ്. കുട്ടികള്‍ അതുമായി സ്‌കൂള്‍ വരെ പോയി,’ സുരേന്ദ്രന്‍ പറയുന്നു.

സംഭവം നടന്നിട്ട് മണിക്കൂറുകളായിട്ടും പൊലീസ് കേസ് എടുക്കാന്‍ തയ്യാറായിട്ടില്ലെന്നും അറിയപ്പെടുന്ന പി.എഫ്.ഐ പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി ഇതിനെതിരെ ഒന്നും പറയാത്തത് എസ്.ഡി.പി.ഐയും സി.പി.ഐ.എമ്മും സഖ്യത്തില്‍ ഭരിക്കുന്ന പഞ്ചായത്തിലാണ് സംഭവം നടന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ തീവ്രവാദികളുടെ സ്വന്തം നാടാക്കി സര്‍ക്കാര്‍ മാറ്റുകയാണെന്നും കേരളം അതിവേഗം സിറിയയിലേക്ക് നടന്നടുക്കുന്നു എന്ന പരാമര്‍ശം നടത്തി ഒരാഴ്ചയുള്ളിലാണ് ഈ സംഭവം നടന്നതെന്നും അദ്ദേഹം പറഞ്ഞു.

മതതീവ്രവാദത്തിന്റെ ശക്തവും ഭീഭത്സവുമായ മുഖമാണ് കേരളത്തില്‍ കാണുന്നതെന്നും, സംഭവത്തില്‍ കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇത് ഗൗരവമായ വിഷയമാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: K. Surendran against Kerala Government

We use cookies to give you the best possible experience. Learn more