| Saturday, 5th June 2021, 8:56 pm

മോദിവിരുദ്ധ പണച്ചാക്കുകളില്‍ നിന്ന് 10 കോടി പിരിച്ചു, ഒരു പൈസ പോലും നേമത്ത് ചെലവാക്കിയിട്ടില്ലെന്നാണ് കരക്കമ്പി; കെ. മുരളീധരനെതിരെ കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോണ്‍ഗ്രസ് എം. പി കെ. മുരളീധരനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

കെ. സുരേന്ദ്രനെതിരെ ഉയരുന്ന ആരോപണങ്ങളിലും കൊടകര കള്ളപ്പണ കേസിലും ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുരളീധരന്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിനെതിരെയാണ് സുരേന്ദ്രന്‍ രംഗത്തെത്തിയത്.

ബി.ജെ.പി.ക്കും തനിക്കുമെതിരെ ഒരുപാട് ആരോപണങ്ങള്‍ കെ. മുരളീധരന്‍ നടത്തിയതായി കണ്ടുവെന്നും എന്നാല്‍ അതിലൂടെ ലക്ഷ്യം വെച്ചത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വഴി കേരളത്തിലെക്കെത്തിയ കോടികള്‍ മുരളീധരന്‍ അറിഞ്ഞില്ലെന്ന് പാര്‍ട്ടിക്കുള്ളില്‍ ഉന്നയിച്ച ആരോപണം പുറത്ത് വരട്ടെ എന്ന ഉദ്ദേശത്തോടെയാണെന്നുമാണ് സുരേന്ദ്രന്‍ പറഞ്ഞത്.

ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിന്റെ ചെലവ് തെരഞ്ഞെടുപ്പ് കമ്മീഷന് ബി.ജെ.പി കൊടുക്കും. ഹെലികോപ്ടറില്‍ പണം കടത്തിയിട്ടുണ്ടെങ്കില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥരും സംസ്ഥാനപൊലീസ് ഉദ്യോഗസ്ഥരും എല്ലാ ഹെലിപ്പാഡുകളിലും പരിശോധനയ്ക്കായി തന്നെ കാത്തിരുന്നിരുന്നു എന്നും സുരേന്ദ്രന്‍ പറഞ്ഞു.

‘മോദിക്കെതിരെ യുദ്ധം ചെയ്യാന്‍ ഞാന്‍ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ് കോഴിക്കോട്ടെയും മലപ്പുറത്തെയും ഗള്‍ഫ് രാജ്യങ്ങളിലേയും മോദിവിരുദ്ധ പണച്ചാക്കുകളില്‍ നിന്ന് മുരളീധരന്‍ പത്തുകോടിയിലധികം പിരിച്ചു എന്നാണ് കോണ്‍ഗ്രസ്സിലെ ഉപശാലാ കണക്കപ്പിള്ളമാര്‍ പറയുന്നത്. അതില്‍ ഒരു നയാപൈസ പോലും നേമത്ത് ചെലവാക്കിയിട്ടില്ലെന്നും കരക്കമ്പി കേള്‍ക്കുന്നു,’ എന്നും സുരേന്ദ്രന്‍ ഫേസ്ബുക്കിലെഴുതി.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരായ കള്ളപ്പള്ള ആരോപണങ്ങളും കൊടകര കള്ളപ്പണ കവര്‍ച്ചാക്കേസിലും ഹൈക്കോടതിയില്‍ നിന്നോ സുപ്രീം കോടതിയില്‍ നിന്നോ റിട്ടയേര്‍ഡ് ചെയ്ത ഒരു ജഡ്ജിയെ കൊണ്ട് അന്വേഷണം നടത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ അടക്കം ഈ അന്വേഷണം ചെന്നെത്തിയേക്കാമെന്നുമായിരുന്നു മുരളീധരന്‍ പറഞ്ഞത്.

ഇന്ത്യ ഭരിക്കുന്ന ഒരു പാര്‍ട്ടിയാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ഇത്തരത്തില്‍ കുഴല്‍പ്പണം എത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കെ.സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്ര പണം കടത്തുന്നതിനായിരുന്നെന്നും കെ.മുരളീധരന്‍ ആരോപിച്ചു.

കേസില്‍ നിലവില്‍ നടക്കുന്ന അന്വേഷണം ശരിയായ രീതിയില്‍ ആണെങ്കിലും ദേശീയ നേതാക്കള്‍ അടക്കമുള്ള കണ്ണികളില്‍ എത്തിപ്പെടാന്‍ പ്രയാസമായിരിക്കുമെന്നും ചിലപ്പോള്‍ നീക്കുപോക്കുകള്‍ അടക്കം നടന്നേക്കാമെന്നും കെ.മുരളീധരന്‍ പറഞ്ഞു.

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബി.ജെ.പിക്കും എനിക്കുമെതിരെ ഒരുപാട് ആരോപണങ്ങള്‍ താങ്കള്‍ ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചതായി കണ്ടു. ലക്ഷ്യം വെച്ചത് എന്നെയോ ബി.ജെ.പിയെയോ അല്ലെന്ന് വ്യക്തം.

മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ് പിന്നെ കര്‍ണ്ണാടകാ പി.സി.സി വഴി കേരളത്തിലേക്കുവന്ന കോടികള്‍ താനറിഞ്ഞില്ലെന്ന പാര്‍ട്ടിക്കുള്ളില്‍ താങ്കള്‍ ഉന്നയിച്ച ആരോപണം പുറത്തേക്കുവരട്ടെ എന്നതായിരിക്കും ഈ ഉണ്ടയില്ലാവെടിയുടെ ലക്ഷ്യം എന്ന് മനസ്സിലാക്കാന്‍ ഏതായാലും വലിയ ഗവേഷണബുദ്ധിയൊന്നും വേണ്ടിവരില്ല.

ചാണ്ടി ചെന്നിത്തല മുല്ലപ്പള്ളി അധികാരത്രയത്തേയും കെ. സി. വേണുഗോപാല്‍ വഴി രാഹുലിനെത്തന്നെയും ഉന്നം വെച്ചുള്ള വെടിയാണിത്. പിന്നെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിന്റെ ചെലവ് തെരഞ്ഞെടുപ്പ് കമ്മീഷന് ഞങ്ങളുടെ പാര്‍ട്ടി കൊടുത്തുകൊള്ളാം. സ്റ്റാര്‍ ക്യാംപയിനേഴ്‌സ് പട്ടികയില്‍ തെരഞ്ഞെടുപ്പുകമ്മീഷന്‍ ഉള്‍പ്പെടുത്തിയവരുടെ ചെലവ് സ്ഥാനാര്‍ത്ഥിയുടെ കണക്കില്‍ വരില്ലെന്ന സാമാന്യ വിവരം എത്രയോ തെരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ച താങ്കള്‍ക്കറിയില്ലെങ്കില്‍ അറിവുള്ള ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കാമായിരുന്നു.

ഇനി ഹെലികോപ്ടറില്‍ പണം കടത്തിയിട്ടുണ്ടെങ്കില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥരും സംസ്ഥാനപൊലീസ് ഉദ്യോഗസ്ഥരും എല്ലാ ഹെലിപ്പാഡുകളിലും പരിശോധനയ്ക്കായി എന്നെ കാത്തിരുന്നിരുന്നിരുന്നു എന്ന വസ്തുതയെങ്കിലും താങ്കള്‍ അറിയണമായിരുന്നു. അതൊക്കെ പോകട്ടെ മോദിക്കെതിരെ യുദ്ധം ചെയ്യാന്‍ ഞാന്‍ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ് കോഴിക്കോട്ടെയും മലപ്പുറത്തെയും ഗള്‍ഫ് രാജ്യങ്ങളിലേയും മോദിവിരുദ്ധ പണച്ചാക്കുകളില്‍ നിന്ന് താങ്കള്‍ പത്തുകോടിയിലധികം പിരിച്ചു എന്നാണ് കോണ്‍ഗ്രസ്സിലെ ഉപശാലാ കണക്കപ്പിള്ളമാര്‍ പറയുന്നത്. അതില്‍ ഒരു നയാപൈസ പോലും നേമത്ത് ചെലവാക്കിയിട്ടില്ലെന്നും കരക്കമ്പി കേള്‍ക്കുന്നു. ഇനിയുമുണ്ട് തെരഞ്ഞെടുപ്പുകഥകള്‍. ശേഷം ഇടവേള കഴിഞ്ഞ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: K Surendran against K Muraleedharan

We use cookies to give you the best possible experience. Learn more